KeralaTop News

പിവി അൻവറിന്റെ ആരോപണത്തിൽ മൗനം തുടർന്ന് CPIM: വിമർശനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടതോടെ പാർട്ടി പ്രതിരോധത്തിൽ

Spread the love

ആഭ്യന്തര വകുപ്പിനെതിരായ പിവി അൻവർ എം.എൽ.എയുടെ ആരോപണത്തിൽ മൗനം തുടർന്ന് സിപിഐഎം. വിമർശനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടതോടെ പാർട്ടി പ്രതിരോധത്തിലായി. വിവാദങ്ങളിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിത്തും എതിരെയാണ് പി.വി അൻവറിന്റെ ആരോപണങ്ങളത്രയും.

പാർട്ടി അച്ചടക്ക നടപടി നേരിട്ട് പ്രധാന പദവികൾ ഇല്ലാതിരുന്ന പി ശശിയെ കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തോടെയാണ് സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ഇതിന് പിന്നാലെ പുത്തലത്ത് ദിനേശനെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് മാറ്റി പി.ശശിക്ക് ചുമതല നൽകുകയും ചെയ്തു. പൊളിറ്റിക്കൽ സെക്രട്ടറിമാരാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന വസ്തുത സർക്കാരുകൾ അംഗീകരിക്കാറില്ലെങ്കിലും അതാണ് വാസ്തവം. അതായത് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവാദം ഉണ്ടാകുമ്പോൾ പാർട്ടി നേതൃത്വത്തിന് മുന്നിൽ മറുപടി പറയേണ്ടി വരുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്.

ഇടതുമുന്നണിയുടെ എംഎൽഎആയ പി.വി.അൻവർ ലക്ഷ്യം വെയ്ക്കുന്നത് പി.ശശിയെയും ക്രമസമാധാനം ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെയുമാണ്. അതീവ ഗൗരവത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നിട്ടും സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അൻവറിന്റെ ആരോപണം ശ്രദ്ധയിൽപ്പെട്ടെങ്കിലും പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരണത്തിന് തയ്യാറായിട്ടില്ല. ആഭ്യന്തരവകുപ്പിനെ ആകെ പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച പി.വി.അൻവറിനെ വിലക്കാൻ സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും ഇതുവരെ തയ്യാറായിട്ടില്ല എന്നുള്ളതും രാഷ്ട്രീയ കൗതുകമാണ്.