‘കോൺഗ്രസിനകത്ത് പ്രവർത്തിക്കുന്ന പല വനിതകളും പീഡനം നേരിട്ടുണ്ട്’: സിമി റോസ്ബെൽ ജോൺ
കോൺഗ്രസിനകത്ത് പ്രവർത്തിക്കുന്ന പല വനിതകളും പീഡനം നേരിട്ടുണ്ടെന്ന് മുൻ എഐസിസി അംഗം സിമി റോസ്ബെൽ ജോൺ. തന്നോട് പലരും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ഉടനെ അതൊക്കെ പുറത്തുവരുമെന്നും സിമി റോസ്ബെൽ ജോൺ. തന്നോട് ചെയ്തത് അനീതിയാണെന്ന് സിമി പറഞ്ഞു. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് അവർ ചോദിച്ചു.
പാർട്ടിയിൽ തന്നെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ടെന്ന് സിമി പറഞ്ഞു. സിപിഐഎമ്മിനെ കൂട്ടുപിടിച്ച് എന്ന ആരോപണം തെളിയിച്ചാൽ ശിരസ് മുണ്ഡനം ചെയ്ത് കെപിസിസിക്ക് സമർപ്പിക്കുമെന്നും പ്രതിപക്ഷനേതാവിനെ വെല്ലുവിളിക്കുന്നുവെന്നും സിമി റോസ്ബെൽ ജോൺ പറഞ്ഞു. ജെബി മേത്തറിനെതിരെയും സിമി രംഗത്തെത്തി. പെട്ടെന്ന് ഒരു ദിവസം നേതൃത്വത്തിൽ എത്തിയളാണെന്നും പാർട്ടിയിൽ പ്രവർത്തിച്ച പലരെയും മറികടന്ന് സ്ഥാനങ്ങൾ നേടിയെന്നും സിമി റോസ്ബെൽ ജോൺ പറഞ്ഞു.
പാർട്ടിയിൽ അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകൾക്ക് കേരളത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റില്ലെന്ന് നേരത്തെ സിമി റോസ്ബെൽ ജോൺ പറഞ്ഞിരുന്നു. ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെൽ ജോൺ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ളവർക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്നാണ് സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.