വയനാടിന് മുസ്ലിംലീഗിന്‍റെ ‘ഓണസമ്മാനം’; ധനസമാഹരണം വഴി ലഭിച്ചത് 36.8 കോടി
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദനകളിൽ നീറുന്ന വയനാടിന് വേണ്ടി മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ട് സമാഹരണം സമാപിച്ചു. പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടന്നത്. 36,08,11,688 കോടി രൂപയാണ് ആപ്പ് വഴി സമാഹരിച്ചത്. 22 വീടുകളുടെ നിർമ്മാണത്തിനുള്ള തുക സുമനസ്സുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2 ഏക്കർ 10 സെന്റ് ഭൂമിയും സംഭാവനയായി ലഭിച്ചിട്ടുണ്ട്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ ഫണ്ട് സമാഹരണത്തോടൊപ്പം തന്നെ മുസ്ലിംലീഗ് നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതവും 57 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതവും അടിയന്തര സഹായം വിതരണം ചെയ്തു. വാഹനങ്ങൾ നഷ്ടമായവർക്ക് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി. 100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്ലിംലീഗ് നടപ്പാക്കുന്നത്.
വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദർശിപ്പിക്കുന്നത് ക്യാമ്പയിൻ അവസാനിച്ച ശേഷവും തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ അഹോരാത്രം അധ്വാനിച്ച പാർട്ടി ഘടകങ്ങൾക്കും പ്രവർത്തകർക്കും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രത്യേകം കൃതജ്ഞത അറിയിച്ചു.