അത്ഭുതപ്പെട്ട് ജാവദേക്കർ, ഇപിക്കെതിരായ നടപടിയിൽ സിപിഎമ്മിനെതിരെ രൂക്ഷ പ്രതികരണം; ‘തൊട്ടുകൂടായ്മ, അസഹിഷ്ണുതയും’
ദില്ലി: എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ പി ജയരാജനെ മാറ്റിയ സി പി എം നടപടിയിൽ പ്രതികരിച്ച് കേരളത്തിലെ ബി ജെ പിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ രംഗത്ത്. തന്നെ കണ്ടതാണ് ഇ പിയെ സ്ഥാനത്ത് നിന്ന് നീക്കാൻ കാരണമെന്നത് അത്ഭുതപ്പെടുത്തിയെന്നാണ് എക്സിലൂടെ ജാവദേക്കർ പ്രതികരിച്ചത്. സി പി എം നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിഷ്ണുതയുടെയും തെളിവെന്നും ജാവദേക്കർ അഭിപ്രായപ്പെട്ടു.
ബി ജെ പി പ്രഹാരിയായ പ്രകാശ് ജാവദേക്കർ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇ പി ജയരാജനെ കണ്ടത് വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഇ പി ജയരാജൻ തന്നെ രംഗത്തെത്തുകയും ചെയ്തു. വീട്ടിലെത്തിയ ജാവദേക്കറെ സ്വീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു വോട്ടെടുപ്പിനിടെ ഇ പി തുറന്നുപഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസത്തെ ഇ പിയുടെ തുറന്നുപറച്ചിൽ എൽ ഡി എഫിന് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന വിമർശനം മുന്നണിയിലും പാർട്ടിക്കുള്ളിലും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ചേർന്ന സംസ്ഥാന സമിതി ഇ പിയെ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്.
അതിനിടെ രാഷ്ട്രീയജീവിതവും വിവാദങ്ങളും തുറന്നെഴുതാൻ ഇ പി ജയരാജൻ തീരുമാനിച്ചിട്ടുണ്ട്. ഇടത് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇ പിയുടെ ആത്മകഥ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ആറ് പതിറ്റാണ്ട് നീണ്ട പാർട്ടി ജീവിതത്തിനൊടുവിൽ ആരുമൊപ്പമില്ലാതെ എ കെ ജി സെന്‍ററിന്‍റെ പടിയിറങ്ങിവന്നതിന്‍റെ നിരാശയിലും അമർഷത്തിലുമാണ് ഇ പിയെന്നാണ് സൂചന. എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ആരോടും ഒന്നും പ്രതികരിക്കാതിരുന്ന ഇ പി ആദ്യം സംസാരിച്ചത് ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു. പറയാനുള്ളതെല്ലം തുറന്നെഴുതുമെന്നാണ് ഇ പി പറഞ്ഞത്. പ്രകാശ് ജാവദേക്കറുമായുള്ള കൂടികാഴ്ചയും ബി ജെ പി ബന്ധമെന്ന വിവാദവും പാർട്ടി നടപടി വരെയുള്ള കാര്യങ്ങൾ ആത്മകഥയിലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തോട് സസ്പെൻസ് ബാക്കിവെച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോടുള്ള ഇ പി യുടെ മറുപടി.