NationalTop News

ഹരിയാന തെരഞ്ഞെടുപ്പ്; ബിജെപിയെ വെട്ടിലാക്കി ‘ബീഫ് കൊലപാതകങ്ങൾ’

Spread the love

ഹരിയാനയിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപിയെ വെട്ടിലാക്കി ബീഫ് കഴിച്ചെന്ന് ആരോപിച്ചുള്ള കൊലപാതകങ്ങൾ. ബീഫ് കഴിച്ചുവെന്നും കൈവശം വെച്ചുവെന്നും ആരോപിച്ചുള്ള കൊലപാതകങ്ങൾ ഹരിയാനയിൽ തുടർക്കഥയാണ്. എന്നാൽ തെരഞ്ഞെടുപ്പ് വേളയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ഹരിയാനയിൽ ബിജെപിയെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്. പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാകുന്നതിനിടെ അന്വേഷണ നടപടികൾ ദ്രുതഗതിയിലാക്കിയിരിക്കുകയാണ് നയാബ് സിംഗ് സൈനി സർക്കാർ.

പശു സംരക്ഷകർ നടത്തിയ കൊലപാതകം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ബിജെപിയുടെ വേട്ട എന്നാണ് പ്രതിപക്ഷ ആരോപണം.ഇതോടെ മുൻകാല സംഭവങ്ങളിൽ കാണാത്തതിനേക്കാൾ വേഗത്തിലാണ് ഹരിയാന സർക്കാർ കേസ് നടപടികൾ പൂർത്തിയാക്കുന്നത്. നാല് ദിവസത്തിനുള്ളിൽ കൊലപാതകത്തിന് പിന്നിലെ 7 പ്രതികളെ പൊലീസ് പിടികൂടി. അറസ്റ്റിലായ പ്രതികളിൽ നിന്ന് കൂടുതൽ പേരുകൾ ലഭിച്ചാൽ അവർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ വിശദീകരണം.

ഈ മാസം 27നാണ് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയി നിന്നും തൊഴിലിന്റെ ഭാഗമായി എത്തിയ സാബിർ മാലികിനെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് പശു സംരക്ഷകർ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ ബീഫ് കൈവശംവെച്ചു എന്ന് ആരോപിച്ചാണ് ട്രെയിൻ യാത്രക്കാരനായ വയോധികന് നേരെയുള്ള മർദനം.സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് നിരോധനമില്ലാത്ത പോത്തിറച്ചിയാണ് വയോധികന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

അതേസമയം, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിന് നടക്കും. നേരത്തെ ഒക്ടോബര്‍ ഒന്നിനായിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ ഇത് ഒക്ടോബര്‍ അഞ്ചാം തീയതിയിലേക്ക് മാറ്റിവെച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം ഒക്ടോബര്‍ എട്ടിനായിക്കും പ്രഖ്യാപിക്കുക.