NationalTop News

ലോക്‌സഭാ പ്രതിപക്ഷ നേതാവായ ശേഷം ആദ്യ വിദേശ സന്ദർശനം; രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്

Spread the love

ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം രാഹുൽ ഗാന്ധി ആദ്യമായി വിദേശ സന്ദർശനം നടത്തുന്നു. സെപ്തംബർ എട്ട് മുതൽ 10 വരെ അമേരിക്കയിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. കോൺഗ്രസിൻ്റെ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ഭാഗമായാണ് സന്ദർശനം. സെപ്തംബർ എട്ടിന് ദല്ലാസ്, ടെക്സാസ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം സെപ്തംബർ 9, പത്ത് തീയ്യതികളിൽ വാഷിങ്ടൺ ഡി.സി സന്ദർശിക്കും.

ഇന്ത്യാക്കാരായ വിദ്യാഭ്യാസ വിദഗ്ദ്ധർ, മാധ്യമപ്രവർത്തകർ, ബുദ്ധിജീവികൾ, ടെക്നോക്രാറ്റ്, ബിസിനസുകാർ എന്നിവരുമായി അദ്ദേഹം സംസാരിക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ദിവസം ദല്ലാസിൽ നിന്നുള്ള നേതാക്കൾക്കൊപ്പമായിരിക്കും അദ്ദേഹത്തിൻ്റെ രാത്രി ഭക്ഷണം.

കർണാടകവും തെലങ്കാനയും കോൺഗ്രസ് ജയിച്ചതോടെ ബിസിനസുകാർക്കും ടെക്നോക്രാറ്റുകൾക്കും രാഹുൽ ഗാന്ധിയുമായി ചർച്ചയിൽ പങ്കെടുക്കാൻ വലിയ താത്പര്യമുണ്ടെന്നും മഹാരാഷ്ട്ര കൂടി ജയിക്കാൻ സാധിച്ചാൽ മുംബൈ, പുണെ എന്നീ നഗരങ്ങളിൽ ബിസിനസ് താത്പര്യം മുൻനിർത്തി പ്രവർത്തിക്കുന്നവർ കൂടി ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ഭാഗമാകുമെന്നും സാം പിത്രോഡ പറഞ്ഞു.
അതേസമയം അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം എന്നതും പ്രധാനമാണ്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഇന്ത്യൻ വംശജയായ കമല ഹാരിസും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തമ്മിലാണ് അമേരിക്കയിലെ മത്സരം.