അൻവറിന് പിന്നിൽ ആര്? ആരോപണങ്ങളിൽ മുഖ്യമന്ത്രി കടുത്ത വെട്ടിൽ, സിപിഎം മൗനത്തിൽ
തിരുവനന്തപുരം: പൊലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരായ പിവി അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ കടുത്ത വെട്ടിലായി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി മുന്നറിയിപ്പ് തള്ളിയ അൻവറിന്റെ വെല്ലുവിളിയിൽ സിപിഎം നേതൃത്വം മൗനത്തിലാണ്. ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ഫോൺ ചോർത്തിയെന്ന് അൻവർ സമ്മതിച്ചിട്ടും തൊടാൻ മടിക്കുകയാണ് സർക്കാർ.
പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് അൻവറിന്റെ സ്ഫോടനാത്മകമായ ആരോപണങ്ങൾ. എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും ഓഡിയോ വിവാദത്തിലും അൻവറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. ഒതുങ്ങാൻ ഇല്ലെന്ന് പറഞ്ഞുള്ള അൻവറിന്റെ വെല്ലുവിളി മുഖ്യമന്ത്രിക്കും സിപിഎമ്മിനും സാധാരണമായ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെയാണ് അതീവ ഗുരുതര ആക്ഷേപങ്ങൾ. രണ്ടുപേരും പിണറായിയുടെ വിശ്വസ്തരാണ്. മുഖ്യമന്ത്രിയെ തൊടുന്നില്ലെങ്കിലും അൻവറിനറെ കല്ലുകൾ കൊള്ളുന്നത് പിണറായിക്കാണെന്ന് വ്യക്തമാണ്. അധോലോക ബന്ധമുള്ള ക്രിമിനലുകളാണ് സേനാ തലപ്പത്തെന്ന് സിപിഎം സ്വതന്ത്ര എംഎൽഎ പറയുമ്പോൾ പിണറായിക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറാനാകാത്ത സ്ഥിതിയാണ്. എന്നാൽ ഇതുവരെയും വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രിയോ സിപിഎമ്മോ തയ്യാറായിട്ടില്ല.
മന്ത്രിമാരുടെ ഫോണുകൾ വരെ ചോർത്തിയെന്ന ആരോപണം സർക്കാറിനെയാകെ ഉലക്കുകയാണ്. ഇത്രയൊക്കെ പറഞ്ഞ അൻവറിന് പിന്നിൽ ആരെണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്ന ചോദ്യം.പൊലീസ് നയത്തിൽ കടുത്ത അതൃപ്തിയുള്ള പാർട്ടി നേതാക്കൾ പിന്നിലുണ്ടോ എന്ന സംശയവും ബലപ്പെടുന്നു.അതോ ശശിയെയും അജിത് കുമാറിനെയും ഒഴിവാക്കാൻ നേതൃത്വം അൻവറിനെ ഇറക്കിയോ എന്നും ചർച്ചയുണ്ട്. ഫോൺ ചോർത്തിയെന്ന ഗുരുതര കുറ്റം ചെയ്തെന്ന് സമ്മതിച്ചിട്ടും അൻവറിനെതിരെ നടപടിയില്ല. പാർട്ടി നേതൃത്വവും അൻവറിനെ ആവേശത്തോടെ പിന്തുണച്ച ഇടത് കേന്ദ്രങ്ങൾക്കും അനക്കമില്ല.