NationalTop News

സതാംപ്ടൺ സർവ്വകലാശാല ഇന്ത്യയിലേക്ക്; 2025 മുതൽ കോഴ്സുകൾ ആരംഭിക്കും

Spread the love

ദേശീയ വിദ്യാഭ്യാസ നയപ്രകാരം യു.കെയിലെ സതാംപ്ടൺ സർവകലാശാലയും കേന്ദ്ര വിദേശമന്ത്രാലയവും ധാരണയായി. ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം 2025 ജൂലൈയിൽ ആരംഭിക്കും. ഗുരുഗ്രാമിലാണ് സർവകലാശാല ക്യാംപസ് സ്ഥാപിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇന്ത്യയിൽ ആരംഭിക്കുന്ന ആദ്യ വിദേശ സർവകലാശാല ക്യാമ്പസാണിത്. ലോകത്തിലെ മികച്ച ക്യാമ്പസുകളുടെ പട്ടികയിൽ ഉൾപ്പെട്ട സർവകലാശാല ആണ് സതാംപ്ടൺ. ഓസ്ട്രേലിയൻ സർവകലാശാലകളായ ഡീക്കിൻ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് വോളോങ്കോങ്ങും നേരത്തെതന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. ഗുജറാത്തിലാണ് ഓസ്ട്രേലിയൻ സർവ്വകലാശാല ക്യാമ്പസുകൾ.

ഡൽഹിയിൽ നടന്ന പരിപാടിയിൽ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ സതാംപ്ടൺ സർവകലാശാലയുടെ പ്രതിനിധികൾക്ക് ധാരണാപത്രം കൈമാറി. യുജിസി 2023ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ക്യാമ്പസിൻ്റെ പ്രവർത്തനം. യുകെ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അക്കാദമിക് വിദഗ്ധരും അധ്യാപകരും ഫാക്കൽറ്റി അംഗങ്ങളാകും. ഇവിടെ ക്യാമ്പസിൽ നിന്നു നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകൾക്ക് യുകെ ക്യാമ്പസിൽ നിന്നുലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ തുല്യതയുണ്ടായിരിക്കും.

ആദ്യഘട്ടത്തിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിഎസ്‌സി ബിസിനസ് മാനേജ്മെൻ്റ്, ബിഎസ്‌സി അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, ബിഎസ്‌സി എക്കണോമിക്സ്, എംഎസ്‌സി ഇൻ്റർനാഷണൽമാനേജ്മെൻ്റ്, എംഎസ്‌സി ഫിനാൻസ് എന്നീ കോഴ്സുകളാണ് അനുവദിച്ചട്ടുള്ളത്. രണ്ടാം വർഷത്തിൽ ബിഎസ്‌സി സോഫ്റ്റ്‌വെയർ എൻജിനീയറിങ്, ബിഎസ്‌സി എക്കണോമിക്സ് എന്നീ വിഷയങ്ങളും മൂന്നാം വർഷം എൽഎൽബി, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ കോഴ്സുകളും ആരംഭിക്കും.