Top NewsWorld

നാല് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 2024ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം

Spread the love

ഗസ്സയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണം നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്ത നാല് പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരെ 2024 ലെ സമാധാനത്തിനുള്ള നൊബേല്‍സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തു.ഫോട്ടോ ജേണലിസ്റ്റ് മൊതാസ് അസൈസ, ടിവി റിപ്പോര്‍ട്ടര്‍ ഹിന്ദ് ഖൗദരി, പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ബിസാന്‍ ഔദ, മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ വെയ്ല്‍ അല്‍ ദഹ്ദൂഹ് എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.നാല് പേരും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് സന്തോഷം പങ്കുവെച്ചത്.

ഗസ്സയിലെ അതിക്രമങ്ങളെക്കുറിച്ച് ലോകത്തിന് കൃത്യമായ വിവരങ്ങള്‍ നല്‍കിയതിനും അവരുടെ നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനത്തിനും ഗസ്സയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെ കുറിച്ചുള്ള നിശ്ചയദാര്‍ഢ്യമുള്ള റിപ്പോര്‍ട്ടിംഗിനുമാണ് ഇവരെ നാമനിര്‍ദ്ദേശം ചെയ്തത്.

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടിട്ടും, ഈ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ദൗത്യത്തില്‍ പ്രതിജ്ഞാബദ്ധരാണ്. പലസ്തീന്‍ ജനത അഭിമുഖീകരിക്കുന്ന ദാരുണമായ അവസ്ഥകള്‍ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുച്ച ഇവരുടെ അചഞ്ചലമായ പ്രതിബദ്ധത കണക്കിലെടുത്താണ് ഈ അംഗീകാരമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സമാധാനം കൈവരിക്കുന്നതിന് ഗണ്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയോ ഗ്രൂപ്പുകളെയോ ആണ് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി നല്‍കുന്ന സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി പരിഗണിക്കാറുള്ളത്.ഈ വര്‍ഷം, 196 വ്യക്തികളും 89 സംഘടനകളും ഉള്‍പ്പെടെ 285 നോമിനേഷനുകളാണ് കമ്മിറ്റിക്ക് ലഭിച്ചത്.2024 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവിനെ ഒക്ടോബര്‍ 11 ന് പ്രഖ്യാപിക്കും.

അതേസമയം ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 40,600-ലധികം പലസ്തീനികള്‍ മരിക്കുകയും 94,000-ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്.കാണാതായവര്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയോ കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് നിഗമനം.