ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി . സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ്റിലാണ് തീരുമാനം. ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കിയ
ഈ പ്രതികരണമാണ് ഇ പി ജയരാജന്റെ സ്ഥാനം തെറുപ്പിച്ചത്. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ
നടപടിയെടുത്താൽ അത് കോൺഗ്രസിന് തിരിച്ചടിക്കുള്ള ആയുധമാകുമെന്നായിരുന്നു
സിപിഐഎമ്മിന്റെ ആദ്യ നിലപാട്.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തിൽ നടപടി വൈകുന്നതിലുള്ള സിപിഐയുടെ അതൃപ്തി ഉയർത്തി എം വി ഗോവിന്ദനാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.പിന്നാലെ ഇ പി ജയരാജൻ രാജി സന്നദ്ധത
അറിയിച്ചു. എന്നാൽ നടപടി നേരത്തെ വേണമെന്ന വി എൻ വാസവന്റെ അഭിപ്രായം ഇ പി ജയരാജനെ ക്ഷുഭിതനാക്കി. പിന്നാലെ ചിന്ത ഫ്ലാറ്റിലെ മുറിയൊഴിഞ്ഞു ഇന്ന് രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ ഇ പി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. പാർട്ടിക്കുള്ളിൽ ഉയർന്ന രൂക്ഷമായവിമർശനങ്ങൾക്ക്ഒടുവിലാണ് ഇ പി ജയരാജന്റെ സ്ഥാനം തെറിച്ചത്. സിഐടിയു സംസ്ഥാന പ്രസിഡന്റ്
ടി പി രാമകൃഷ്ണന് പകരം കൺവീനർ ചുമതല
നൽകിയിട്ടുണ്ട്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം. മുഖ്യമന്ത്രിയുൾപ്പടെ ഇക്കാര്യത്തിൽ ഇ പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ പി ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്.
അതേസമയം, നാളെ മുതൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമാകും. അതിനു മുൻപായി പാർട്ടിയിലെ അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം.