എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി.ജയരാജൻ; രാജി സന്നദ്ധത പാർട്ടിയെ അറിയിച്ചു
ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. നിർണ്ണായകമായ ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല. കണ്ണൂരിലേക്ക് പോയി എന്നാണ് വിവരം. ഇപി ബിജെപി ബന്ധം ഇന്ന് സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നിർണ്ണായക നീക്കം. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ അറിയിച്ചു.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇക്കാര്യത്തിൽ ഇ.പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ.പി.ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമാകും. അതിനു മുൻപായി പാർട്ടിയിലെ അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം.