ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയ സിഎൻഎൻ വാർത്തക്കെതിരെ കേന്ദ്രം
ബംഗ്ലാദേശിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള സിഎൻഎൻ വാർത്തയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിന് കാരണം പെട്ടെന്നുണ്ടായ അതിതീവ്ര മഴയാണെന്നും അല്ലാതെ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ത്രിപുരയിലെ ഡംബുർ അണക്കെട്ടിൽ നിന്ന് ഇന്ത്യ വെള്ളം തുറന്നുവിട്ടതാണ് തങ്ങളെ വെള്ളപ്പൊക്കം ബാധിക്കാൻ കാരണമെന്ന് ഇന്ത്യ – ബംഗ്ലാദേശ് അതിർത്തി ഗ്രാമമായ ഫെനിയിലെ നാട്ടുകാർ പറഞ്ഞുവെന്നാണ് സിഎൻഎൻ വാർത്തയിൽ പറയുന്നത്. തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ റിപ്പോർട്ടാണിതെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് അതിതീവ്ര മഴ പെയ്ത് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് കൊണ്ടാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. ബംഗ്ലാദേശിൽ വൈദ്യുതി ഇല്ലാത്തതും ആശയവിനിമയ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതും മൂലം വെള്ളപ്പൊക്ക മുന്നറിയിപ്പ് കൃത്യമായി ജനങ്ങളിലേക്ക് എത്താതിരുന്നതാണെന്നും കേന്ദ്ര വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.
ജല വിഭവം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ തുടർച്ചയായി ആശയവിനിമയം നടത്തുന്നുവെന്ന കാര്യം വിസ്മരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിർണായക വിവരങ്ങൾ ഇരു രാജ്യങ്ങളും നിരന്തരം കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ 18 ദശലക്ഷം ജനം വെള്ളപ്പൊക്കത്തിൽ ബാധിക്കപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വാർത്താ വിഭാഗം പറഞ്ഞത്. രാജ്യത്തിൻ്റെ കിഴക്കൻ മേഖലയും സൗത്ത് ഈസ്റ്റ് മേഖലയും വെള്ളപ്പൊക്കത്തിൽ മുങ്ങി. 12 ലക്ഷത്തോളം പേർ വെള്ളപ്പൊക്കത്തിൽ പലയിടത്തായി കുടുങ്ങിക്കിടക്കുകയാണ്.