മറ്റൊരു മുറിയിൽ കിടക്കാൻ ഭർത്താവിനെ നിർബന്ധിച്ച ഭാര്യയുടെ നടപടി ക്രൂരമെന്ന് അലഹബാദ് ഹൈക്കോടതി
ഒരുമിച്ച് കിടക്കാൻ വിസമ്മതിക്കുകയും ഭർത്താവിനെ മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന ഭാര്യയുടെ നടപടി ക്രൂരതയെന്ന് അലഹബാദ് ഹൈക്കോടതി. ഭർത്താവിൻ്റെ ദാമ്പത്യ അവകാശങ്ങൾ ഇതിലൂടെ ഭാര്യ നിഷേധിക്കുകയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ രഞ്ജൻ റോയ്, സുഭാഷ് വിദ്യാർത്ഥി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് പരാമർശം.
വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ പരാമർശം ഉണ്ടായത്. തന്നെ ഒപ്പം കിടക്കാൻ ഭാര്യ സമ്മതിക്കുന്നില്ലെന്നും മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുന്നുവെന്നും ഒരുമിച്ച് കിടന്നാൽ താൻ ജീവനൊടുക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയെന്നുമാണ് ഹർജിയിൽ യുവാവ് ആരോപിച്ചത്.
വൈവാഹിക ജീവിതത്തിൽ ഒരുമിച്ച് കിടക്കുക എന്നത് പ്രധാനമാണ്. ഭാര്യ അതിന് വിസമ്മതിക്കുകയാണെങ്കിൽ ഭർത്താവിൻ്റെ ദാമ്പത്യ അവകാശം നിഷേധിക്കപ്പെടുകയാണ്. അത് മാനസികമായും ശാരീരികമായും പ്രയാസങ്ങൾ ഉണ്ടാക്കുമെന്നും കോടതി പറഞ്ഞു. ഈ കാരണം ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് പറഞ്ഞ കോടതി, കേസിൽ വിവാഹമോചനം അനുവദിച്ചു.