വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; പ്രസവ ശസ്ത്രക്രിയയില്‍ വീഴ്ച വരുത്തിയ ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ്
പ്രസവ ശസ്ത്രക്രിയയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് പരാതി. വയറ്റിനുള്ളില്‍ പഞ്ഞിശേഖരം വച്ച് തുന്നിക്കെട്ടുകയായിരുന്നു. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനി 28കാരിക്കാണ് ദുരവസ്ഥ.
കഴിഞ്ഞ മാസം 23ാം തിയതിയാണ് പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു രാത്രിതന്നെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന് കുഴപ്പമൊന്നുമില്ലായിരുന്നു. എന്നാല്‍ യുവതിക്ക് രക്തം കട്ടപിടിക്കുന്നതുള്‍പ്പടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. രക്തക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് ആവശ്യത്തിന് രക്തം എത്തിച്ചു നല്‍കി. രക്തം കയറ്റിയിട്ടും ശാരീരിക അവശതകള്‍ മാറിയിരുന്നില്ല. പിന്നീട്, 26ാം തിയതിയോടെ സ്റ്റിച്ചിട്ട ഭഗത്തുനിന്ന് അമിതമായി രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് 27ാം തിയതി വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇവിടെ വച്ച് സ്‌കാനിങ് നടത്തിയെങ്കിലും ചിലകാര്യങ്ങള്‍ അധികൃതര്‍ വ്യക്തമായി പറഞ്ഞിരുന്നില്ല. പിന്നീട് ഒരു ശസ്ത്രക്രിയ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ രണ്ട് ഓപ്പണ്‍ സര്‍ജറികള്‍ നടത്തേണ്ടി വന്നു. ഈ സര്‍ജറിക്ക് ശേഷമാണ് പഞ്ഞിയും തുണിയുമടക്കമുള്ള മെഡിക്കല്‍ വേസ്റ്റ് വയറ്റില്‍ നിന്നു പുറത്തെടുക്കുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറോ ആശുപത്രി സൂപ്രണ്ടോ ഇതുവരെ തയാറായിട്ടില്ല.
ശസ്ത്രക്രിയ കഴിഞ്ഞ് സ്റ്റിച്ചിട്ടതിനു ശേഷം ശരീരം മുഴുവന്‍ നീര് വന്നിരുന്നുവെന്ന് യുവതി പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പഞ്ഞിയും മറ്റും നീക്കം ചെയ്‌തെങ്കിലും ഇപ്പോഴും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് അവര്‍ വ്യക്തമാക്കി. വേദനയും നടുവേദനയും കാരണം കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ബുദ്ധിമുട്ട് നേരിട്ടുവെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍, നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്കു പരാതി നല്‍കി.