17കാരൻ ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു; പാൽ വിതരണത്തിന് പോവുകയായിരുന്ന യുവാവ് മരിച്ചു
മുംബൈ: മുംബൈയിൽ 17 കാരൻ ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു. ഗൊരെഗാവിൽ പുലർച്ചയാണ് സംഭവം. പാൽ വിൽപ്പനക്കാരനായ ബൈക്ക് യാത്രികനാണ് മരിച്ചത്. എസ്‍യുവി തെറ്റായ ദിശയിൽ അമിത വേഗതയിൽ എത്തിയാണ് അപകടമുണ്ടാക്കിയത്. കാറോടിച്ച 17കാരനെ അറസ്റ്റ് ചെയ്തു. കാർ ഉടമ ഉൾപ്പെടെ മറ്റ് രണ്ട് പേർക്കും എതിരെ കേസെടുത്തു.
പുലർച്ചെ 4 മണിയോടെയാണ് സംഭവം. തെറ്റായ ദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന മഹീന്ദ്ര സ്കോർപ്പിയോ ബൈക്കിൽ ഇടിക്കുകയായിരുന്നു. പാൽ വിതരണം ചെയ്യാൻ പോവുകയായിരുന്ന നവീൻ വൈഷ്ണവ് എന്ന 24കാരനാണ് മരിച്ചത്. ഇരുചക്ര വാഹനത്തിൽ ഇടിച്ച ശേഷം എസ്‌യുവി വൈദ്യുത തൂണിൽ ഇടിച്ചു. കാറോടിച്ച കൗമാരക്കാരന് പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.
അപകട വിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി വൈഷ്ണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്‌യുവി ഉടമ ഇക്ബാൽ ജിവാനി (48), മകൻ മുഹമ്മദ് ഫാസ് ഇഖ്ബാൽ ജിവാനി (21) എന്നിവർക്കെതിരെയും കേസെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വാഹനം തിരിച്ചടിഞ്ഞ് കസ്റ്റഡിയിലെടുത്തത്. സംഭവ സമയത്ത് 17കാരൻ മദ്യപിച്ചിരുന്നോ എന്നറിയാൻ രക്തസാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
സമാനമായ സംഭവം കുറച്ചു മാസങ്ങൾക്ക് മുൻപ് പുനെയിൽ ഉണ്ടായിരുന്നു. 17കാരൻ ഓടിച്ച പോർഷെ കാർ ബൈക്കിൽ ഇടിച്ച് രണ്ട് ഐടി എഞ്ചിനീയർമാരാണ് മരിച്ചത്.