വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ; ബിടെക് വിദ്യാർത്ഥി പിടിയിൽ
ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിംഗ് കോളജിൽ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിടെക് അവസാന വർഷ വിദ്യാർത്ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. പണം വാങ്ങി വിദ്യാർത്ഥി ഈ ദൃശ്യങ്ങൾ വിതരണം ചെയ്തെന്നും പൊലീസ് അറിയിച്ചു. കൃഷ്ണൻ ജില്ലയിലെ ഗുഡ്‌ലവല്ലേരു എഞ്ചിനീയറിംഗ് കോളജിലാണ് സംഭവം.
ഇന്നലെ വൈകുന്നേരമാണ് ശുചിമുറിയിലെ ഒളിക്യാമറ വിദ്യാർത്ഥിനികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച വിദ്യാർത്ഥിനികളുടെ പ്രതിഷേധം ഇന്ന് രാവിലെ വരെ നീണ്ടു.’ ഞങ്ങൾക്ക് നീതി വേണം’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. .
വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് 300ലധികം ഫോട്ടോകളും ദൃശ്യങ്ങളും റെക്കോർഡ് ചെയ്തെന്നും ചില വിദ്യാർത്ഥികൾ വിജയിൽ നിന്ന് ഈ വിഡിയോകൾ വാങ്ങിയെന്നും ആരോപണമുണ്ട്. വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.