‘കെജ്‌രിവാള്‍ സ്വപ്‌നത്തില്‍ വന്ന് ശകാരിച്ചു’ ; ബിജെപിയില്‍ ചേര്‍ന്ന എഎപി കൗണ്‍സിലര്‍ നാല് ദിവസത്തിനുള്ളില്‍ തിരിച്ചെത്തി
ബിജെപിയില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ആം ആദ്മിയിലേക്ക് വീണ്ടും തിരിച്ചെത്തി കൗണ്‍സിലര്‍. വാര്‍ഡ് നമ്പര്‍ – 28ല്‍ നിന്നുള്ള എഎപി കൗണ്‍സിലര്‍ രാംചന്ദ്രയാണ് ബിജെപിയില്‍ ചേര്‍ന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിയത്. മുന്‍ ബവാന എംഎല്‍എ കൂടിയായിരുന്നു അദ്ദേഹം.
‘ അതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു’ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഒപ്പം ഇനി മേലില്‍ ആം ആദ്മി പാര്‍ട്ടി വിട്ടു പോകില്ലെന്ന് പ്രതിജ്ഞയുമെടുത്തു. തിരിച്ചു വരാന്‍ അദ്ദേഹം പറഞ്ഞ കാരണങ്ങളിലൊന്നാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബിജെപിയിലേക്ക് പോയതിനു ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സ്വപ്നം കണ്ടു. ആം ആദ്മി പാര്‍ട്ടി വിട്ടതിന് തന്നെ ശാസിക്കുകയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാല്‍ റായ്, ഡോ സന്ദീപ് പഥക്, മറ്റ് എഎപി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരുമായും ഘടകകക്ഷികളുമായും വീണ്ടും ബന്ധപ്പെടാനും അവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉപദേശിച്ചു’ രാംചന്ദ്ര വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയുടെ ഒരു ചെറിയ പോരാളിയാണ് ഞാന്‍. തെറ്റായ തീരുമാനമാണെടുത്തത്. പക്ഷേ ഞാന്‍ എന്റെ കുടുംബത്തിലേക്ക് മടങ്ങിയെത്തി. രാത്രി, മുഖ്യമന്ത്രി എന്റെ സ്വപ്നത്തില്‍ വന്ന് എന്നെ ശാസിച്ചു. രാംചന്ദ്ര, എഴുന്നേറ്റ് മനീഷ് സിസോദിയ, ഗോപാല്‍ റായ്, സന്ദീപ് പഥക് തുടങ്ങി എല്ലാ നേതാക്കളെയും കാണൂ. പ്രദേശത്തെ നിങ്ങളുടെ പ്രവര്‍ത്തകരെ പോയി കണ്ട് പ്രവര്‍ത്തനങ്ങള്‍ തുടരൂ – കെജ്രിവാള്‍ പറഞ്ഞതായി കൗണ്‍സിലര്‍ വ്യക്തമാക്കി.