NationalTop News

അസം നിയമ സഭയുടെ നമാസ് ഇടവേള ഒഴിവാക്കി; കോളോണിയൽ രീതികളിൽ നിന്നുള്ള മോചനമെന്ന് മുഖ്യമന്ത്രി

Spread the love

അസം നിയമസഭയുടെ നമാസ് ഇടവേള ഒഴിവാക്കി. വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനക്കായി നൽകിയിരുന്ന 2 മണിക്കൂർ ഇടവേളയാണ് ഒഴിവാക്കിയത്. കോളോണിയൽ രീതികളിൽ നിന്നുള്ള മോചനമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. യമസഭയുടെ അടുത്ത സമ്മേളനം മുതൽ ഈ നിയമം നിലവിൽ വരും.

വെള്ളിയാഴ്ചകളിലെ നടപടിക്രമങ്ങൾ മറ്റ് ദിവസങ്ങളിലേതിന് തുല്യമായിരിക്കും കൂടാതെ മുസ്ലീം സമുദായത്തിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നമസ്കരിക്കുന്നതിന് ഇടവേള ഉണ്ടാകില്ല. ബ്രിട്ടീഷ് ഭരണം മുതൽ, മുസ്ലീം നിയമസഭാ സാമാജികർക്ക് വെള്ളിയാഴ്ച നമസ്‌കരിക്കുന്നതിന് അസം നിയമസഭയുടെ സമ്മേളനത്തിൽ ഇടവേള നൽകുന്ന ഒരു പതിവുണ്ടായിരുന്നു. സയ്യിദ് സാദുലയുടെ കാലം മുതൽ നിലനിന്നിരുന്ന ഈ സമ്പ്രദായം അസം നിയമസഭയും നിർത്തലാക്കിയിരിക്കുന്നത്. രാജ്യത്ത് ഒരു സംസ്ഥാനത്തും ഇത്തരമൊരു സംവിധാനം ഇല്ലെന്ന് ബിശ്വജിത്ത് ഫുക്കൻ നിയമസഭയിൽ പറഞ്ഞു.

സംബ്ലി ചട്ടങ്ങളിലെ റൂൾ-11 ഭേദഗതി ചെയ്താണ് പ്രാർത്ഥനയുടെ ഇടവേള ഒഴിവാക്കിയത്. ഈ തീരുമാനത്തെ ആരും എതിർത്തിട്ടില്ലെന്ന് ബിശ്വജിത്ത് പറഞ്ഞു. തീരുമാനം ഇന്ന് സഭ ഐകകണ്‌ഠേനയാണ് അംഗീകരിച്ചത്.അസമിൽ മുസ്ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബിൽ അസം നിയമസഭ കഴിഞ്ഞ ദിവസം പാസ്സാക്കിയിരുന്നു. അസം റിപ്പീലിംഗ് ബിൽ, 2024, വഴി അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം, 1935, അസം റിപ്പീലിംഗ് ഓർഡിനൻസ് 2024 എന്നിവയാണ് റദ്ദാക്കപ്പെട്ടത്.

ബാലവിവാഹങ്ങൾ അവസാനിപ്പിക്കുന്നതിനും മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും സർക്കാർ സംവിധാനങ്ങളുടെ പരിധിയിലായിരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് വിശദീകരണം. എന്നാൽ ഏകീകൃത സിവിൽ കോഡ് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു.