KeralaTop News

കേന്ദ്രമന്ത്രിയെ കാറില്‍ കയറാന്‍ സമ്മതിക്കാതെ തടഞ്ഞു; സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

Spread the love

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ കേസിന്റെ എഫ്‌ഐആര്‍ പകര്‍പ്പ് . തന്നെ കാറില്‍ കയറാന്‍ സമ്മതിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞെന്നും സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റി എന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ആരോപണമുണ്ട്. മൂന്ന് വാര്‍ത്താ ചാനലുകളുടെ പേരും എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നുണ്ട്.

തൃശൂര്‍ രാമനിലയത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ തന്റെ വഴി തടസപ്പെടുത്തിയെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതി. ചൊവ്വാഴ്ച രാത്രിയോടെയാണ് സുരേഷ് ഗോപി പരാതി നല്‍കിയത്. ഇ-മെയില്‍ വഴിയും ലെറ്റര്‍ ഹെഡിലെഴുതിയും പരാതി സമര്‍പ്പിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നത്. തൃശ്ശൂര്‍ സിറ്റി എസിപിക്ക് അന്വേഷണച്ചുമതല നല്‍കി. പരാതിയില്‍ നാളെ അനില്‍ അക്കരയുടെ മൊഴി രേഖപ്പെടുത്തും. മാധ്യമപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം നിയമമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നതില്‍ തീരുമാനമെടുക്കുക.

സുരേഷ് ഗോപി സത്യപ്രതിജ്ഞാ ലംഘനം ഉള്‍പ്പെടെ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കര പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിയ്ക്ക് തൃശൂര്‍ സിറ്റി എസിപി ഓഫിസില്‍ ഹാജരാകാന്‍ അനില്‍ അക്കരയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്താനാണ് സാധ്യത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് പുറത്തുവന്ന ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സുരേഷ് ഗോപി തട്ടിക്കയറുകയും മാധ്യമപ്രവര്‍ത്തകന്റെ നെഞ്ചില്‍ പിടിച്ച് തള്ളുകയുമായിരുന്നു.