കിലോമീറ്ററുകളോളം ചത്തടിഞ്ഞ് മത്സ്യങ്ങൾ, തുറമുഖത്ത് നിന്ന് 24 മണിക്കൂറിൽ കോരിമാറ്റിയത് 40 ടൺ ചത്ത മീനുകളെ
പോർട്ട് ഓഫ് വോളോസ്: പ്രളയത്തിൽ കടലിലേക്ക് ഒഴുകിയെത്തി. ഗ്രീസിലെ പ്രമുഖ തുറമുഖത്ത് ചത്ത് അടിയുന്നത് ലക്ഷക്കണക്കിന് മീനുകൾ. ഗ്രീസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വോളോസിലേക്ക് വിനോദ സഞ്ചാരികൾ പോയിട്ട് തദ്ദേശീയർക്ക് പോലും അടുക്കാനാവാത്ത സഥിതിയാണ് നേരിടുന്നത്. കഴിഞ്ഞ വർഷം രാജ്യം നേരിട്ട വെള്ളപ്പൊക്കത്തിൽ പ്രധാന ശുദ്ധ ജല തടാകങ്ങളും നദികളും ബാധിക്കപ്പെട്ടിരുന്നു. ഇവയിൽ നിന്ന് വലിയ രീതിയിൽ കടലിലേക്ക് എത്തിയ മീനുകളാണ് ഇപ്പോൾ വലിയ രീതിയിൽ തീരത്തേക്ക് ചത്ത് അടിയുന്നത്. വോളോസ് തുറമുഖവും പരിസരത്തും ചത്ത് അടിഞ്ഞ മീനുകളിൽ നിന്നുണ്ടാവുന്ന ദുർഗന്ധത്തിൽ മുങ്ങിയ നിലയിലാണുള്ളത്.
കടൽതീരത്തിന് ചേർന്നുള്ള പ്രദേശങ്ങളിൽ ചത്ത് മീനുകൾ അടിഞ്ഞ് വെള്ളി നിറത്തിലായാണ് കാണുന്നത്. തുറമുഖത്തിന് സമീപത്തെ ഭക്ഷണ ശാലകളിൽ അടക്കം ദുർഗന്ധമെത്തിയതോടെ സാധിക്കുന്ന രീതിയിൽ മത്സ്യങ്ങളെ കോരിമാറ്റി മേഖല വൃത്തിയാക്കാനുള്ള ശ്രമങ്ങളിൽ നാട്ടുകാരും ഭാഗമാകുന്നുണ്ട്. കിലോമീറ്ററുകളോളും നീളത്തിലാണ് ലക്ഷക്കണക്കിന് ചെറുമീനുകൾ ചത്ത് അടിയുന്നതെന്നാണ് നഗരസഭാ അധികൃതർ വിശദമാക്കുന്നത്. ബുധനാഴ്ച വലിയ ട്രോളിംഗ് ബോട്ടുകളുടെ സഹായത്തോടെ കോരി മാറ്റിയത് 40 ടണ്ണിലേറെ ചത്ത മത്സ്യങ്ങളാണ്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് വോളോസ് മേയർ അക്കില്ലീയസ് ബിയോസ് ഉന്നയിക്കുന്നത്.
വെള്ളപ്പൊക്ക മുന്നറിയിപ്പ് ലഭിച്ച സമയത്ത് മുന്നൊരുക്കങ്ങൾ കൃത്യമായി നടത്തിയില്ലെന്നും ഇതാണ് നിലവിലെ പരിസ്ഥിതി ദുരന്തത്തിലേക്ക് എത്തിച്ചതെന്നുമാണ് മേയർ ആരോപിക്കുന്നത്. ചീഞ്ഞ് അടിയുന്ന മത്സ്യങ്ങൾ കടലിലെ മത്സ്യ സമ്പത്തിനും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുവെന്നാണ് മേയർ ആരോപിക്കുന്നത്. വോളോസ് തുറമുഖത്തേക്ക് നദികളിലെ ജലം വന്ന് ചേരുന്ന ഭാഗത്ത് നെറ്റുകൾ ഉൾപ്പെടെയുള്ളവ സ്ഥാപിച്ചിരുന്നുവെങ്കിൽ ഇത്തരം ദുരന്തമുണ്ടാകില്ലെന്നാണ് രൂക്ഷമാവുന്ന വിമർശനം.
വലിയ രീതിയിലാണ് ശുദ്ധ ജല മത്സ്യങ്ങൾ ഉപ്പുവെള്ളത്തിലേക്ക് ഒഴുകിയെത്തിയതെന്നും നഗരസഭ ബുധനാഴ്ച വിശദമാക്കുന്നു. എന്നാൽ നഗരസഭയുടെ ആരോപണങ്ങളേക്കുറിച്ച് പരിസ്ഥിതി വകുപ്പ് പ്രതികരിച്ചിട്ടില്ല. ഗുരുതര കാലാവസ്ഥാ വ്യതിയാനങ്ങൾക്കാണ് സമീപ കാലത്ത് ഗ്രീസ് സാക്ഷ്യം വഹിക്കുന്നത്. അപ്രതീക്ഷിത പേമാരികളും കാട്ടുതീയും വേനലും രാജ്യത്തെ വലിയ രീതിയിലാണ് ബാധിച്ചിട്ടുള്ളത്.