‘ഇപ്പോൾ സുരേഷ് ഗോപി വിഷയമല്ല ചർച്ചയാക്കേണ്ടത്, മുകേഷിനെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണം’; കെ.സുരേന്ദ്രൻ
സുരേഷ് ഗോപി വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി നിലപാട് പറഞ്ഞ ശേഷം പിന്നീട് സുരേഷ് ഗോപി സംസാരിച്ചിട്ടില്ല. മാധ്യമ പ്രവർത്തകരും കുറച്ച് ശ്രദ്ധിക്കണം. ഇവിടെ സുരേഷ് ഗോപി വിഷയമല്ല ചർച്ചയാകേണ്ടത്. സർക്കാരിനെതിരായ കാര്യങ്ങളാണ് ഒരുമിച്ചു നിന്ന് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയാൻ സർക്കാർ തയ്യാറാകണം. പ്രത്യേക അന്വേഷണസംഘമെന്നത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമായി മാറുന്നു. മുകേഷിനെ നിലനിർത്തിക്കൊണ്ട് സിനിമാരംഗത്തെ അനാശാസ്ത്രം പ്രവണതകൾ പരിഹരിക്കാൻ കഴിയുമെന്നത് മഹാ തെറ്റാണ്. മുകേഷിനെ അറസ്റ്റ് ചെയ്തു നടപടിയെടുക്കണമെന്നും അയാളെ വച്ച് കോൺക്ലേവ് നടത്താനുള്ള തീരുമാനം ലജ്ജാകരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു
സർക്കാരിന് ഹേമ കമ്മറ്റിറിപ്പോർട്ടിലെ ഗുരുതരമായ വിഷയങ്ങളിൽ നടപടിയെടുക്കാൻ ആത്മാർത്ഥത ഇല്ല. സാംസ്കാരിക മന്ത്രിയുടെ പ്രസ്താവനങ്ങളിൽ നിന്ന് അത് വളരെ വ്യക്തമാണ്. കുറ്റം ചെയ്തവർ രക്ഷപ്പെടില്ലെന്ന പതിവ് വർത്തമാനം മാത്രമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും
നടപടിയിൽ ഒരു ആത്മാർത്ഥതയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം സുരേഷ് ഗോപിക്കെതിരെ ബി ജെ പി സംസ്ഥാന നേതൃത്വം രംഗത്ത്. ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളില്‍ സുരേഷ് ഗോപിയുടെ നിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തല്‍. മുകേഷിനെ പിന്തുണച്ചതും, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റവും അവമതിപ്പുണ്ടാക്കി. സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ നീക്കമുണ്ട്.