പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി ഹിമാചല്‍ പ്രദേശ്
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തി ഹിമാചൽ പ്രദേശ്. വിവാഹപ്രായം 18 നിന്നും 21 ആയി ഉയർത്താനുള്ള ബിൽ ഹിമാചൽ പ്രദേശ് നിയമസഭ അംഗീകരിച്ചു. ആരോഗ്യ സാമൂഹിക നീതി, വനിതാ ശാക്തീകരണ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്.
ബിൽ ഗവർണറുടെ അംഗീകാരത്തിനായി അയക്കുമെന്ന് ആരോഗ്യ മന്ത്രി ധനി റാം ഷാൻഡിൽ പറഞ്ഞു.
‘പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസാണ്, ഈ തീരുമാനം പെൺകുട്ടികളുടെ ആരോഗ്യത്തിനെയും അവരുടെ വിദ്യാഭ്യാസത്തെയും ബാധിക്കു’മെന്ന് ആരോഗ്യമന്ത്രി ധനി റാം ഷാൻഡിൽ വ്യക്തമാക്കി.
ചെറിയ പ്രായത്തിലെ വിവാഹവും പിന്നീട് അമ്മയാകുന്നതും അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ചെറിയ പ്രായത്തിൽ തന്നെയുള്ള വിവാഹ സമ്മർദം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ജോലിയിലും പുരോഗതി കൈവരിക്കുന്നതിന് തടസമായി നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.