ലൈംഗിക അതിക്രമം നടത്തിയ എല്ലാവരുടെയും പേര് പുറത്തുവരണം, അതിജീവിതർക്ക് എല്ലാം പിന്തുണയും നൽകും’; ഫെഫ്ക
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക അതിക്രമം നടത്തിയതായി പരാമർശം ഉള്ള എല്ലാ പേരുകളും പുറത്തുവരണമെന്ന് ഫെഫ്ക. അതിജീവിതർക്ക് എല്ലാ പിന്തുണയും നൽകുമെന്നും നിയമസഹായം ആവശ്യമെങ്കിൽ അതിനും പിന്തുണ നൽകുമെന്നും ഫെഫ്ക് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ആരോപണ വിധേയരായ ഫെഫ്ക് അംഗങ്ങൾക്കെതിരെ കോടതി നടപടിയോ അറസ്റ്റോ ഉണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മയിലെ കൂട്ടരാജി ആ സംഘടനയിലെ പുതു നവീകരണത്തിന് തുടക്കം ആകട്ടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്കയിലെ അംഗങ്ങളായ സ്ത്രീകളുടെ അഭിപ്രായ രൂപീകരണം നടക്കുന്നുണ്ട്. വിശകലന റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
അതേസമയം പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി താരസംഘടന അമ്മ. പൊതുസമ്മതരായ താരങ്ങളെ പരിഗണിക്കണമെന്നാവശ്യം. പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാൻ തലമുറ മാറ്റം വേണമെന്നാണ് ഒരുവിഭാഗം താരങ്ങളുടെ അഭിപ്രായം. ലൈംഗിക പീഡനപരാതികളിൽ പരസ്യപ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ധാരണയുണ്ട്.
തെരഞ്ഞെടുപ്പ് നടന്നു പുതിയ ഭരണ സമിതി അധികാരത്തിൽ വരാൻ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ അഡ്ഹോക്ക് കമ്മറ്റി തുടരും. കലാകാരൻമാർക്കും നൽകുന്ന പ്രതിമാസ കൈനീട്ടമടക്കം മുറപോലെ തുടരുമെന്നാണ് അമ്മയിലെ അംഗങ്ങൾ അറിയിക്കുന്നത്.
ഇന്നലെയാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷൻ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.