അമ്മയിലെ കൂട്ടരാജിയിൽ വിയോജിപ്പുണ്ട്, ഭൂരിപക്ഷ അഭിപ്രായം അംഗീകരിച്ചു’; അനന്യ
താരസംഘടനായ അമ്മയിൽ കൂട്ടരാജി തീരുമാനത്തിൽ ഭിന്നത. ടൊവിനോ തോമസ്, അനന്യ, വിനു മോഹൻ, സരയൂ എന്നിവർ ആദ്യം രാജി തീരുമാനത്തെ എതിർത്തു. പിന്നീട് ഭൂരിപക്ഷ തീരുമാനത്തിന് വഴങ്ങുകയായിരുന്നു. അമ്മ സംഘടനയിലെ കൂട്ടരാജിയിൽ തനിക്ക് വിയോജിപ്പുണ്ടെന്ന് നടി അനന്യ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കുകയായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
അതേസമയം പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി താരസംഘടന അമ്മ. പൊതുസമ്മതരായ താരങ്ങളെ പരിഗണിക്കണമെന്നാവശ്യം. പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാൻ തലമുറ മാറ്റം വേണമെന്നാണ് ഒരുവിഭാഗം താരങ്ങളുടെ അഭിപ്രായം. ലൈംഗിക പീഡനപരാതികളിൽ പരസ്യപ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ധാരണയുണ്ട്.
തെരഞ്ഞെടുപ്പ് നടന്നു പുതിയ ഭരണ സമിതി അധികാരത്തിൽ വരാൻ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ അഡ്ഹോക്ക് കമ്മറ്റി തുടരും. കലാകാരൻമാർക്കും നൽകുന്ന പ്രതിമാസ കൈനീട്ടമടക്കം മുറപോലെ തുടരുമെന്നാണ് അമ്മയിലെ അംഗങ്ങൾ അറിയിക്കുന്നത്.
ഇന്നലെയാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷൻ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.