KeralaTop News

പ്രതികരിക്കാന്‍ സൗകര്യമില്ല’; മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി

Spread the love

സിനിമ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചേദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി. വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം വന്നതിന് തൊട്ടുപിന്നാലെയാണ് നിലപാടില്‍ എന്തെങ്കിലും തിരുത്ത് സുരേഷ് ഗോപി എംപി വരുത്തിയിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി മാധ്യമ പ്രവര്‍ത്തകരുടെ സംഘം തൃശൂര്‍ രാമനിലയത്തിനു മുന്‍പില്‍ കാത്തു നിന്നത്. പുറത്തേക്കിറങ്ങിയ അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ച മധ്യമ പ്രവര്‍ത്തകനെ തള്ളി മാറ്റി വാഹനത്തിലേക്ക് കയറുകയായിരുന്നു. ഇത് എന്റെ വഴിയാണ് എന്റെ സഞ്ചാര സ്വാതന്ത്രമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഈ പ്രവര്‍ത്തി. ജനങ്ങള്‍ക്കറിയേണ്ട ചോദ്യമാണ് ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ സൗകര്യമില്ല എന്ന് അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള തീറ്റയാണെന്നും അതുവച്ച് കാശുണ്ടാക്കിക്കോളൂവെന്നും സുരേഷ് ഗോപി രാവിലെ പ്രതികരിച്ചിരുന്നു. ആരോപണങ്ങളില്‍ മുകേഷിനെ പിന്തുണച്ചും സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. മുകേഷിനെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും കോടതി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

ഇതിനു പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനം നടത്തി മുകേഷ് രാജിവെക്കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് വ്യക്തമാക്കിയത്. അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുസരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. മുകേഷിനെ പിന്തുണച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണത്തിലും സുരേന്ദ്രന്‍ പ്രതികരിച്ചു. ചലച്ചിത്ര നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് ഏതെങ്കിലും തരത്തിലുള്ള നിലപാട് മാറ്റം വരുത്താന്‍ സുരേഷ് ഗോപിക്ക് താല്‍പ്പര്യമുണ്ടോ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമാരാഞ്ഞത്.