പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതികൾ എത്തിയത് കടയിലെ ജീവനക്കാരിയെ ലക്ഷ്യം വെച്ച്
പത്തനംതിട്ട റാന്നിയിലെ പച്ചക്കറി വ്യാപാരിയെ രണ്ടംഗസംഘം വെട്ടിക്കുന്ന സംഭവത്തിൽ പ്രതികൾ എത്തിയത് കടയിലെ ജീവനക്കാരിയെ ലക്ഷ്യം വെച്ച് . കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിയെ ലക്ഷ്യം വെച്ചാണ് പ്രതികൾ എത്തിയതെന്നാണ് എഫ്ഐആർ. റാന്നി മർത്തോമ ആശുപത്രിക്ക് സമീപമുള്ള പച്ചക്കറി വ്യാപാരി അനിൽ ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
കാരറ്റിന് വില കൂടുതലാണെന്നും എടുത്തു കഴിക്കരുതെന്നും മഹാലക്ഷ്മി പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്. മടങ്ങിപ്പോയ സംഘം വടിവാളുമായി എത്തി ആക്രമിക്കുകയായിരുന്നു. മഹാലക്ഷ്മിയെ ആക്രമിക്കുന്നതിന് തടസ്സം നിന്നപ്പോഴാണ് കടയുടമ അനിലിനെ വെട്ടിയത്. ഗുരുതര പരിക്കുകളോടെ മഹാലക്ഷ്മി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
കടയിലുണ്ടായിരുന്ന മഹാലക്ഷ്മിയുടെ ഭർത്താവിനും പരുക്കേറ്റിട്ടുണ്ട്. അനിലിന്റെ കടയിലേക്ക് മദ്യപിച്ച് എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. തർക്കത്തിന് ശേഷം മടങ്ങിപ്പോയവർ രാത്രി 9 മണിയോടെ തിരിച്ചെത്തി വടിവാൾ ഉപയോഗിച്ച് അനിലിനെ വെട്ടുകയായിരുന്നു. അനിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം റാന്നിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റാന്നി സ്വദേശികളായ പ്രദീപ് എന്ന ഇടത്തൻ ,കൊച്ചുമോൻ എന്നിവരാണ് വടിവാൾ കൊണ്ട് ആക്രമണം നടത്തിയത്. പ്രതികളെ ഇന്നലെത്തന്നെ പോലീസ് അറസ്റ്റ് ചെയ്തു .തെളിവെടുപ്പ് എന്ന് നടക്കും.