“വിദ്യാഭ്യാസം ഇത്രയില്ലായിരുന്നെങ്കിൽ ചിന്നവീട്ടുകാരി ആക്കാമായിരുന്നു”; മുതിർന്ന സംവിധായകന്റെ മോശം പെരുമാറ്റം, അനുഭവകുറിപ്പുമായി ജെ ദേവിക
ചലച്ചിത്ര അക്കാദമിയിൽ ‘പ്രബലനായിരുന്ന’ മുതിർന്ന സംവിധായകൻ തന്നോട് അപമര്യാദയായും ലൈംഗിക ചുവയോടെയും പെരുമാറിയെന്ന് വെളിപ്പെടുത്തി ചരിത്രകാരിയും സെന്റർ ഫോർ ഡെവലപ്മെന്റൽ സ്റ്റഡീസിലെ അധ്യാപികയുമായ ജെ ദേവിക. 2004 ൽ തനിക്കുണ്ടായ ജീവിതാനുഭവമാണ് ദേവിക തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്.
മലയാളസിനിമയുടെ തികഞ്ഞ ഫ്യൂഡൽ സ്വഭാവത്തെക്കുറിച്ച് തിരിച്ചറിവുണ്ടാക്കിയ സംഭവമാണിത്. ഡബ്ള്യൂസിസിയോട് പരസ്യമായി കഴിവതും എല്ലാ അഭിപ്രായഭിന്നതകൾക്കും മീതെ ചേർന്നുനിൽക്കാൻ എന്നെ പ്രേരിപ്പിച്ചത് ഈ ഓർമ്മയാണ്. വിദ്യാഭ്യാസം ഇത്രയില്ലായിരുന്നെങ്കിൽ എന്നെ ഒരു ചിന്നവീട്ടുകാരി ആക്കാമായിരുന്നുപോലും കുറച്ചു കഴിയുമ്പോൾ ആ ചിന്നവീടിനെ കൂട്ടുകാർക്കും പങ്കുവയ്ക്കാമല്ലോ എന്നും നിശബ്ദമായി അർത്ഥമാക്കിയിരിക്കണം അയാൾ. ഹേമാ കമ്മിറ്റി റിപ്പോർട്ടു കാണുമ്പോൾ അതാണ് തോന്നുന്നത് എന്നായിരുന്നു ദേവിക ഫേസ്ബുക്കിൽ കുറിച്ചത്.
ഇത് ഒരുപക്ഷെ ഇപ്പോൾ പറഞ്ഞില്ലെങ്കിൽ അത് ആത്മനിന്ദയായി പോകുമെന്നും സിനിമയ്ക്കുള്ളിലെ കെട്ട ലൈംഗികാധികാര ഭ്രാന്ത് അതിൽ തൊഴിലെടുക്കുന്നവരെ മാത്രമല്ല ബാധിക്കുന്നത്, അതുമായി ആകസ്മിക ബന്ധം മാത്രം പുലർത്തുന്ന സ്ത്രീകളെപ്പോലും അത് വെറുതേ വിടില്ലായെന്നും ദേവിക പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.
ഇതിനിടെ സംവിധായകൻ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്തുവന്നു. സിനിമയ്ക്ക് എന്ന പേരിൽ കതൃക്കടവ് റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരിയുടെ ശരീരത്തിൽ ദുരുദ്ദേശപരമായി രഞ്ജിത്ത് തൊട്ടുവെന്നാണ് എഫ്ഐആർ.