GulfTop News

ഖത്തറിൽ സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷനും ട്രാൻസ്ഫറും പുനരാരംഭിച്ചു

Spread the love

ഖത്തറിൽ 2024-25 പുതിയ അധ്യയന വർഷത്തേക്ക് സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷനും ട്രാൻസ്ഫർ ചെയ്യാനുമുള്ള സർവീസ് പുനരാരംഭിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പ്രവേശന നയത്തിൽ പറഞ്ഞിരിക്കുന്ന രജിസ്ട്രേഷൻ വ്യവസ്ഥകൾ അനുസരിച്ച് വിവിധ രാജ്യക്കാരായ വിദ്യാർത്ഥികൾക്ക് സേവനം ഉപയോഗപ്പെടുത്താനുള്ള അവസരമാണിത്. 2024 ഓഗസ്റ്റ് 26 മുതൽ 2024 സെപ്റ്റംബർ 30 വരെ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലെ (edu.gov.qa) Maaref പോർട്ടൽ വഴിയാണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടത്. മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ അധ്യയന വർഷത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി. പുതിയ അധ്യയന വർഷത്തിൽ (സെപ്റ്റംബർ 1) സർക്കാർ സ്‌കൂളുകളിലും കിൻ്റർഗാർട്ടനുകളിലും 1,31,000 വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിൽ 215 സർക്കാർ സ്കൂളുകളും 64 സർക്കാർ കിൻ്റർഗാർഡനുകളുമുണ്ട്.

രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് Maaref ഇലക്ട്രോണിക് സർവീസ് ആരംഭിച്ചത്. ഖത്തറി പൗരന്മാർ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ കുട്ടികൾ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന താമസക്കാരുടെ മക്കൾ, സ്വകാര്യ ചാരിറ്റബിൾ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾ, സ്ഥിര താമസക്കാരുടെ മക്കൾ എന്നിവർക്കാണ് സർക്കാർ സ്കൂളികളിൽ പ്രവേശനത്തിന് അർഹതയുള്ളത്.

മന്ത്രാലയത്തിന്റെ Maaref പോർട്ടലിലെ സ്കൂൾ വിദ്യാഭ്യാസ സേവനങ്ങളുടെ വിഭാഗത്തിന് കീഴിൽ ‘രജിസ്ട്രേഷൻ സർവീസ് ഇൻ പബ്ലിക് സ്കൂൾ’ എന്ന ഓപ്ഷനിലാണ് അപേക്ഷിക്കേണ്ടത്. അല്ലെങ്കിൽ രക്ഷിതാക്കൾക്ക് സ്കൂളുകളിൽ നേരിട്ട് എത്തിയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ സ്വീകാര്യത ഒഴിഞ്ഞ സ്ഥലങ്ങളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും. ഇലക്ട്രോണിക് സിസ്റ്റത്തിലേക്ക് രക്ഷകർത്താക്കൾ അപ്‌ലോഡ് ചെയ്ത രേഖകൾ തെറ്റോ അവ്യക്തമോ അപൂർണ്ണമോ ആണെങ്കിൽ അധികൃതർ രജിസ്ട്രേഷൻ അപേക്ഷ നിരസിക്കും.

വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള പുതിയ വിദ്യാർത്ഥികളുടെ ഹെൽത്ത് ഫയലുകൾ സ്വീകരിക്കുന്നതിനും വിദ്യാർത്ഥി ആരോഗ്യപരമായി ഫിറ്റ് ആണെന്ന് ഉറപ്പുവരുത്തുന്നതിനും സ്കൂളിന് ഉത്തരവാദിത്തമുണ്ട്. വിദ്യാർത്ഥിക്ക് പിന്തുണയും തുടർനടപടികളും ആവശ്യമാണെന്ന് കണ്ടെത്തിയാൽ, സ്‌കൂൾ അഡ്മിനിസ്ട്രേഷൻ മന്ത്രാലയത്തിലെ സ്പെഷ്യൽ എഡ്യൂക്കേഷൻ ആൻഡ് ഇൻക്ലൂസീവ് എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെൻ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന റൗവ സെൻ്റർ ഫോർ അസസ്‌മെൻ്റ്, കൗൺസിലിംഗ്, സപ്പോർട്ട് എന്നിവയിലേക്ക് ഒരു കത്ത് അയയ്ക്കും.