ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം; കരാറുകാരനും സ്ട്രക്ചറൽ കൺസൾട്ടൻ്റിനുമെതിരെ കേസ്
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ കേസെടുത്തു. കരാറുകാരൻ ജയ്ദീപ് ആപ്തെയ്ക്കും സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ നാവികസേനയും അന്വേഷണം തുടങ്ങി.
രാജ്കോട്ട് കോട്ടയിലെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് ഇന്നലെ പൂർണമായും നിലംപൊത്തിയത്. കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത പ്രതിമയാണ് കഴിഞ്ഞദിവസം തകർന്നുവീണത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രതിമ പ്രധാനമന്ത്രി മോദി പ്രതിമ അനാച്ഛാദനം ചെയ്തത്.
പ്രതിമ തകർന്നത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അഴിമതിയുടെ കാര്യത്തിൽ മറാഠാ രാജാവ് ശിവാജിയെപ്പോലും ബിജെപി സർക്കാർ വെറുതെ വിടുന്നില്ലെന്ന് പ്രതിപക്ഷം പരിഹസിച്ചു.