ജെഎംഎമ്മിന്റെ അനുനയ നീക്കങ്ങൾ പാളി; ചംപയ് സോറൻ ബിജെപിയിലേക്ക്
ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചംപയ് സോറൻ ബിജെപിയിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി പ്രവേശന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ചംപയ് സോറൻ. അനുനയ നീക്കങ്ങളുമായി ജെഎംഎം രംഗത്തെത്തിയെങ്കിലും ഫലം കണ്ടില്ല.
ചംപയ് സോറൻ വെള്ളിയാഴ്ച ബിജെപിയിൽ ചേരും. അനുനയ നീക്കങ്ങൾക്ക് സമീപിച്ചവരോട് ഇനി ജെ എം ലേക്ക് മടക്കം ഇല്ലെന്ന് ചംപായി സോറൻ അറിയിച്ചു. കടുത്ത അതൃപ്തി അറിയിച്ചാണ് ചംപയ് സോറൻ പാർട്ടി വിട്ടിരുന്നത്. പാർട്ടിയിൽ അപമാനവും അവഹേളനവും നേരിട്ടെന്നും ഇതിനാലാണ് മറ്റൊരു ബദൽ മാർഗ്ഗം തേടാൻ താൻ നിർബന്ധിതനായെന്നുമായിരുന്നു ചംപയ് സോറൻ പറഞ്ഞിരുന്നത്. ബിജെപിയിലേക്ക് ഇല്ലെന്നായിരുന്നു സോറൻ നേരത്തെ അറിയിച്ചിരുന്നത്.
ഇഡി കേസിൽ ജയിലിലായപ്പോൾ മുഖ്യമന്ത്രി പദം രാജിവച്ച ഹേമന്ത് സോറൻ സ്ഥാനം ചംപായ് സോറനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ജയിൽവാസം കഴിഞ്ഞ് തിരികെ വന്നപ്പോൾ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം തിരികെ ഏറ്റെടുത്തു. ഇതോടെയാണ് ഇരുവരും തമ്മിൽ അകന്നത് എന്നാണ് വിവരം. ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ചംപയ് സോറന്റെ രാഷ്ട്രീയ നീക്കം.