NationalTop News

കൈയില്‍ സിഗരറ്റും മൊബൈല്‍ ഫോണും; ആരാധകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നടന്‍ ദര്‍ശന്‍ ജയിലിലും വിഐപി

Spread the love

ആരാധകന്‍ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ജയിലില്‍ വിഐപി ട്രീറ്റ്‌മെന്റ്. ഗുണ്ടാസംഘ തലവന്‍ വില്‍സണ്‍ ഗാര്‍ഡന്‍ നാഗ ഉള്‍പ്പടെയുള്ളവരുമായി ചേര്‍ന്ന് നടന്‍ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. വിവാദമായതോടെ കര്‍ണാടക ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു.

ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ദര്‍ശന്‍ ഗുണ്ടാ നേതാവിനും മറ്റുള്ളവര്‍ക്കുമൊപ്പം ജയിലിലെ പുല്‍ത്തകിടിയില്‍ കസേരയില്‍ ഇരിക്കുന്നതായാണ് ചിത്രത്തിലുള്ളത്. ഒരു കൈയില്‍ കപ്പും മറുകൈയില്‍ സിഗററ്റും പിടിച്ചാണ് ദര്‍ശനെ ചിത്രത്തില്‍ കാണുന്നത്. അദ്ദേഹം വീഡിയോ കോള്‍ ചെയ്യുന്നതായ മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തില്‍ ഏഴ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട രേണുകാ സ്വാമിയുടെ പിതാവ് ശിവനഗൗഡരു വിമര്‍ശനവുമായി രംഗത്തെത്തി. ജയിലില്‍ പ്രതികള്‍ക്ക് റിസോര്‍ട്ടിന് സമാനമായ സൗകര്യങ്ങള്‍ നല്‍കുന്നത് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിനെ തുടര്‍ന്നായിരുന്നു ദര്‍ശന്‍, രേണുകസ്വാമിയെ കൊലപ്പെടുത്തിയത്. വിവാഹിതനായ ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാതെയാണ് ആരാധകനായ രേണുകാസ്വാമി സന്ദേശം അയച്ചത്.