KeralaTop News

മുകേഷ് രാജിവെക്കണം; വീട്ടിലേക്ക് യുവമോർച്ച, മഹിളാ കോൺഗ്രസ് മാർച്ച്, സജി ചെറിയാനെതിരെയും പ്രതിഷേധം

Spread the love

കൊല്ലം: ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിന്‍റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തി. ആദ്യം യുവ മോര്‍ച്ചയാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നടനായ മുകേഷിനെതിരെ പീഡനാരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയിരുന്നു.

നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീര്‍ ഉന്നയിച്ചിരുന്നു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. യുവമോര്‍ച്ച പ്രതിഷേധത്തിനുശേഷം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധ റാലിയുമായി എത്തി.

ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധിച്ചു. കൊല്ലത്തിന്‍റെ നാണം കെട്ട എംഎല്‍എ രാജിവെക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്‍റെ കോലം കത്തിച്ചു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ടാണ് സ്ഥലത്ത് നിന്ന് മാറ്റിയത്.