ഏഷ്യയിലെ അതിസമ്പന്ന ഗ്രാമം ചൈനയിലോ ജപ്പാനിലോ അല്ല; അത് ഈ ഇന്ത്യൻ ഗ്രാമമാണ്
ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ചൈനയിലോ ജപ്പാനിലോ അല്ല, ഇന്ത്യയിലെ ഗുജറാത്തിലാണ്. ഭുജ് ജില്ലയിലെ മാധാപർ ഗ്രാമമാണ് വൻകരയിലെ സമ്പന്ന ഗ്രാമം. 32000 ജനസംഖ്യയുള്ള ഈ ഗ്രാമത്തിൽ ജനങ്ങളുടെ ആകെ സ്ഥിര നിക്ഷേപം ഏഴായിരം കോടി രൂപയാണ്. 65% ജനങ്ങളും വിദേശത്താണ്. ഇവർ നാട്ടിലെ ബാങ്കിലും പോസ്റ്റ് ഓഫീസ് അക്കൗണ്ടിലുമായാണ് തങ്ങളുടെ സമ്പാദ്യം സൂക്ഷിച്ചിരിക്കുന്നത്.
പട്ടേൽ സമുദായംഗങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ 20000 വീടുകളാണ് ഉള്ളത്. ഗ്രാമത്തിൽ എച്ച്ഡിഎഫ്സി, എസ്ബിഐ, പിഎൻബി, ആക്സിസ്, ഐസിഐസിഐ, യൂണിയൻ ബാങ്ക് തുടങ്ങി 17 ബാങ്കുകൾക്ക് ശാഖകളുണ്ട്. ആഫ്രിക്കയിൽ കൺസ്ട്രക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന മാധാപർ സ്വദേശികളായ കുടുംബങ്ങളുടേതാണ് ഈ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ സിംഹഭാഗവും. ഒപ്പം യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും മാധാപർ സ്വദേശികൾ താമസിക്കുന്നുണ്ട്.
പ്രദേശത്തെ 1200 കുടുംബങ്ങൾ വിദേശത്താണ് കഴിയുന്നത്. എന്നാൽ വിദേശത്ത് നിന്ന് ഇവർ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ട് പ്രദേശത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റമുണ്ടായി. സ്കൂളുകളും കോളേജുകളും ഹെൽത്ത് സെൻ്ററുകളും അണക്കെട്ടും തടാകവും ക്ഷേത്രവുമടക്കം ഇവിടെ ഇല്ലാത്തതൊന്നുമില്ല. ലണ്ടനിൽ മാധാപർ വില്ലേജ് അസോസിയേഷൻ രൂപീകരിച്ച് യുകെയിലുള്ള നാട്ടുകാരുടെ കൂട്ടായ്മയും ഇവർ സാധ്യമാക്കി.