ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ കൂടി പ്രഖ്യാപിച്ചു
കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ കൂടി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. നേരത്തെ ലഡാക്കിൽ ലേ, കാർഗിൽ എന്നീ ജില്ലകൾ മാത്രമാണുണ്ടായിരുന്നത്. സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചങ്താങ് എന്നിവയാണ് പുതിയതായി പ്രഖ്യാപിച്ച ജില്ലകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എക്സ് വഴിയാണ് പ്രഖ്യാപനം നടത്തിയത്.
വികസിതവും സമൃദ്ധവുമായ ലഡാക്കെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൻ്റെ ഭാഗമായിട്ടാണ് പുതിയ ജില്ലകൾ അനുവദിച്ചിരിക്കുന്നത്. പുതിയ ജില്ലകൾ യാഥാർഥ്യമാകുന്നതോടെ ലഡാക്കിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടും. ഭരണം ശക്തിപ്പെടുത്തുന്നതിലൂടെ സർക്കാരിൻ്റെ പദ്ധതികളും ആനുകൂല്യങ്ങളും വീട്ടുപടിക്കലെത്തും. ലഡാക്കിലെ ജനതയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ എക്സിലൂടെ പങ്കുവെച്ചു.
ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിക്കുന്നതിലൂടെ മെച്ചപ്പെട്ട ഭരണത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള ഉള്ള ഒരു ചുവടുവെപ്പാണ് സാധ്യമാകുന്നത്. സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചങ്താങ് എന്നീ ജില്ലകളിലേക്ക്ശ്രദ്ധ കേന്ദ്രീകരിക്കും. സേവനങ്ങളും അവസരങ്ങളും ജനങ്ങളിലേക്ക് കൂടുതൽ ലഭ്യമാകുമെന്നും ലഡാക്കിലെ ജനത്തിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
ജമ്മു കശ്മീരിൻ്റെ ഭാഗമായിരുന്ന ലഡാക്ക് 2019ൽ, സംസ്ഥാനത്തിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണുണ്ടായത്. രാജ്യത്തിൻ്റെ തന്ത്രപ്രധാനമേഖലയായ ലഡാക്കിന് നേരെ ചൈന നടത്തിവരുന്ന അധിനിവേശ പര്വർത്തനങ്ങളെ ചെറുക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴാണ് പുതിയ അഞ്ച് ജില്ലകളുടെ പ്രഖ്യാപനം വന്നതെന്നതും ശ്രദ്ധേയമാണ്.