മോഹൻലാലിന് അസൗകര്യം; ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു
താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. നടനും അമ്മ പ്രസിഡന്‍റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്.
അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകൾ നിർവഹിക്കുന്നത്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം.
ഇതിനിടെ ആരോപണങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം. ദിലീപ് ചിത്രത്തിനായാണ് സിദ്ദിഖ് ഊട്ടിയിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ പ്രത്യേക സംഘത്തെ നിയമിച്ചതായി അറിയിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. എസ് അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിന്‍ ജോസഫ്, വി അജിത്ത്, എസ് മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.