മുഹമ്മദ് നബിയെ ആക്ഷേപിച്ചുകൊണ്ടുള്ള പരാമർശം; 300 പേർക്കെതിരെ കേസ്
മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മതവികാരം വൃണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ച മഹന്ത് രാംഗിരി മഹാരാജിനെതിരെ പ്രതിഷേധം കനക്കുന്നു. ഇതിന്റെ പ്രതിഷേധ സൂചകമായി പൂനെ കളക്ടറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധമാർച്ചിൽ പങ്കെടുത്ത 300 ഓളം പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.അനധികൃതമായി ഒത്തുകൂടിയതിനും അനുമതിയില്ലാതെ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചതിനുമാണ് അറസ്റ്റ്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 189 (2), 190, 196, 223, കൂടാതെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ സെക്ഷൻ 135, 37 (1) എന്നി വകുപ്പുകളാണ് പൊലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ‘എ സർവധർമ്മ സംഭവ മഹാമോർച്ച’ എന്ന ബാനർ ഉയർത്തിപിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധ മാർച്ച്. നേരത്തെ, മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ മഹന്ത് രാംഗിരി മഹാരാജിൻ്റെ വിവാദ പരാമർശങ്ങളുടെ പേരിൽ ഒരു സംഘം ആളുകൾ പ്രതിഷേധം നടത്തിയിരുന്നു.
മഹന്ത് രാംഗിരി മഹാരാജ്, മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ അടുത്തിടെ നടന്ന മതപരമായ ചടങ്ങിൽ ഇസ്‌ലാമിനും പ്രവാചകനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചുവെന്നത് ഏറെ ശ്രദ്ധനേടിയ സംഭവമാണ്.
അതേസമയം, പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയതിന് മഹന്ത് രാംഗിരി മഹാരാജിനെതിരെ മുംബൈയിലെ മൂന്ന് വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിൽ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായത്തിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വാഗ്ലെ കോംപ്ലക്‌സിലെ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടിയ സംഭവവും ഉണ്ടായിരുന്നു. 196(1)(എ), 197(1)(ഡി), 299, 302, 352, 353(1)(ബി), 353(1)(സി), എന്നീ വകുപ്പുകൾ പ്രകാരമാണ് മഹന്ത് രാംഗിരി മഹാരാജിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) 353(2) പ്രകാരം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.