Top NewsWorld

ടിക് ടോക്കിന്റെ വിലക്ക് നീക്കി നേപ്പാൾ

Spread the love

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ടിക് ടോക്കിന്റെ വിലക്ക് പിൻവലിച്ച് നേപ്പാൾ. വിലക്ക് പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ചൈനയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനെതിരായ തീരുമാനത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്.

വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് ആണ് തീരുമാനം അറിയിച്ചത്. സാമൂഹിക ഐക്യത്തിന് വെല്ലുവിളിയാകുമെന്ന ആശങ്ക ഉയര്‍ത്തിയാണ് മുന്‍ സഖ്യസര്‍ക്കാര്‍ നേപ്പാളില്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയത്. ഖഡ്ഗ പ്രസാദ് ശര്‍മ ഒലി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള നടപടി. രാജ്യത്തെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും തുല്യമായ പ്രാധാന്യം കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിർദേശങ്ങൾ മുന്നോട്ട് വെച്ചതിന് ശേഷമാണ് ഈ പിൻവലിക്കൽ.

നിയമപരമായ ആവശ്യകതകള്‍ പാലിക്കും, ഡിജിറ്റല്‍ സുരക്ഷ ഉറപ്പുവരുത്തും, ഉള്ളടക്കങ്ങളുടെ നിയന്ത്രണത്തിനായി നിയുക്ത ചാനല്‍ രൂപികരിക്കും തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുമായി ആപ്ലിക്കേഷന്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിലക്ക് നീക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, സര്‍ക്കാരിന്റെ തീരുമാനത്തില്‍ ടിക് ടോക് അധികൃതർ പ്രതികരണങ്ങൾ നടത്തിയിരുന്നു. വിലക്ക് നീക്കിയതില്‍ സന്തോഷമുണ്ട്, തങ്ങളുടെ പ്രവര്‍ത്തനം നേപ്പാളിലെ കുടുബങ്ങളില്‍ സന്തോഷം ഉണ്ടാക്കുകയും കണ്ടൻറ്റുകൾ അവതരിപ്പിക്കുന്നവർക്ക് സാമ്പത്തികമായി മെച്ചപ്പെട്ട അവസരങ്ങൾ നല്കുകയും ചെയ്യുമെന്നും കമ്പനി പ്രതികരിച്ചു.ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.

നേരത്തെ ഇന്ത്യ, പാകിസ്ഥാൻ , അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സുരക്ഷ ആശങ്കകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ടിക് ടോക് നിരോധിച്ചിരുന്നു. 2022ല്‍ എല്‍.ജി.ബി.ടി.ക്യു ഉള്ളടക്കമുള്ള വീഡിയോ പ്രസിദ്ധീകരിച്ചതിന് ടിക് ടോക്കിന് റഷ്യ 40.77 ലക്ഷം രൂപ പിഴ ചുമത്തുകയുണ്ടായി. എല്‍.ജി.ബി.ടി .ക്യു ഉള്ളടക്കമുള്ള വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്ന് റഷ്യന്‍ കോടതിയാണ് പിഴ ചുമത്തിയത്.