മീ ടു ആരോപണത്തിന് പിന്നാലെ മുകേഷിന് പോലീസ് സംരക്ഷണം; വീട്ടില്‍ നിന്ന് മാറ്റി
മീ ടു ആരോപണത്തിന് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിന് പോലീസ് സംരക്ഷണം. പോലീസ് ഇടപെട്ട് മുകേഷിനെ വീട്ടില്‍ നിന്ന് മാറ്റി. എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
ആരോപണങ്ങള്‍ പുറത്തു വന്നതിന് തൊട്ട് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ചിന് ആഹ്വാനം നല്‍കിയത്. മാര്‍ച്ചിന് മുന്‍പ് പോലീസ് ഇടപെട്ട് അദ്ദേഹത്തെ വീട്ടില്‍ നിന്ന് മാറ്റുകയായിരുന്നു. പോലീസ് സംരക്ഷണയില്‍ മറ്റൊരിടത്തേക്ക് മാറിയെന്ന വിവരം മാത്രമാണ് ലഭിക്കുന്നത്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്ലം ചിന്നക്കടയില്‍ മുകേഷിനെതിരെ മറ്റൊരു പ്രകടനം കൂടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. മുകേഷിനെതിരെ വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ തീരുമാനം. എംഎല്‍എ പദവിയില്‍ തുടരാന്‍ അനുവദിക്കില്ല, രാജി വെച്ച് പുറത്തു പോകണം തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഇപ്പോള്‍ ജില്ലയില്‍ മുന്നോട്ട് വെക്കുന്നത്.
ബോളിവുഡില്‍ സജീവമായ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സമയത്തെ അനുഭവമാണ് ടെസ് ജോസഫ് അന്ന് പുറത്തുവിട്ടത്. അന്ന് തനിക്ക് 20 വയസാണ് പ്രായം ഉണ്ടായിരുന്നതെന്നും പരിപാടിയുടെ സമയത്ത് നടന്‍ മുകേഷ് തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും എന്നാല്‍ ഇതിന് വഴങ്ങാതെ വന്നതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നും സമൂഹമാധ്യമമായ എക്‌സില്‍ ടെസ് ജോസഫ് കുറിച്ചിരുന്നു.