‘ഡൈനാമിക് പ്രൈസിങ്’ എന്ന ഓമനപ്പേരില്‍ നടക്കുന്നത് കൊള്ള; സര്‍ക്കാർ ഇടപെടൽ അനിവാര്യമെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: അനിയന്ത്രിതമായ വിമാന നിരക്ക് വര്‍ധനക്കെതിരെ ഷാഫി പറമ്പിൽ എംപി. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിലും ഈ വിഷയം ചര്‍ച്ചയായിരുന്നു. സീസണ്‍ സമയത്തെ പിടിച്ചുപറിയില്‍ ഇടപെടണമെന്ന് ശക്തമായ ഭാഷയില്‍ ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. ‘പ്രവാസികൾക്ക് ആരുണ്ട്?’ എന്ന പ്രത്യേക തത്സമയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യായമായ നിരക്ക് വര്‍ധനയില്‍ ഇടപെടുമെന്നായിരുന്നു കേന്ദ്ര വ്യോമയാന
മന്ത്രി റാം മോഹന്‍ നായിഡുവിന്‍റെ ഉറപ്പ്. പക്ഷേ അപ്പോഴും ഈ നിരക്ക് വര്‍ധനയില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പല എംപിമാരും കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ വിഷയം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ സര്‍ക്കാരിന്‍റെ മറുപടി തൃപ്തികരമല്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ചൂഷമാണെന്ന് മനസ്സിലാകും. സീസണില്‍ കാലാകാലങ്ങളായി തുടരുന്ന ഈ വിമാന കൊള്ളയാണ് പാര്‍ലമെന്‍റില്‍ പറയാന്‍ ശ്രമിച്ചത്. ഇത്തവണ ചുമതലയുള്ള മന്ത്രി ഈ കാര്യങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് എടുത്തതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിലേക്കുള്ള ബാഗേജ് അലവന്‍സ് കുറച്ചിരുന്നു. മറ്റൊരു രാജ്യങ്ങളിലേക്കും ഈ നിയന്ത്രണമില്ല. ഇത് ബോധപൂര്‍വ്വമായ വിവേചനമാണെന്നും ഷാഫി പറഞ്ഞു.
സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നില്ല. ആഭ്യന്തര യാത്രകളില്‍ പോലും വിമാന ടിക്കറ്റ് നിരക്കില്‍ നികുതിയും എയര്‍പോര്‍ട്ട് ചാര്‍ജുകളും കൂടുതലാണെന്നും രാജ്യത്ത് ഇടപെടാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും ചെയ്യുന്നില്ല. ‘ഡൈനാമിക് പ്രൈസിങ്’ എന്ന ഓമനപ്പേരില്‍ ഈ കൊള്ള നടത്തുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിന് കൂട്ടുനില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇതേ സമയം യാത്രക്ക് വേണ്ടി വരുന്ന മറ്റ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റിന് ഇത്രയേറെ തുക ചെലവാക്കേണ്ടി വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗള്‍ഫ് സെക്ടറില്‍ മാത്രമല്ല, അമേരിക്ക, യൂറോപ്പ് സെക്ടറുകളിലുള്ള ഇന്ത്യക്കാരുടെ യാത്രയ്ക്കും ഈ വിമാന ടിക്കറ്റ് നിരക്ക് വര്‍ധന ബാധിക്കുന്നുണ്ട്.
കൂടുതല്‍ സര്‍വീസുകള്‍ വരുമ്പോള്‍ അതിന്‍റെ ഗുണം സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് പകരം എയര്‍ലൈനുകള്‍ കൊള്ളസംഘത്തെ പോലെ പ്രവര്‍ത്തിച്ച് സീസണ്‍ വരുമ്പോള്‍ ഒരേ സമയം എല്ലാ കമ്പനികളും ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ആളുകളെ കൊള്ളയടിക്കുന്ന സ്ഥിതിവിശേഷമാണെന്നും സര്‍ക്കാരിന്‍റെ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.