നടിയുടെ ആരോപണത്തിൽ ഒരു ഭാഗം നുണ, എന്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുത്’: രഞ്ജിത്ത്
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചതിന് പിന്നാലെ പ്രതികരിച്ച് സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടേത് പരസ്പര വിരുദ്ധമായ പ്രസ്താവനയാണെന്നും ആരോപണങ്ങളിൽ ഒരു ഭാഗം നുണയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുത്. താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത അന്നുമുതൽ ഒരു കൂട്ടം ആളുകൾ എനിക്കെതിരെ പ്രവർത്തിക്കുന്നു. തനിക്കതിരെയുള്ള ആരോപണം നുണ ആണെന്ന് തെളിയിക്കുമെന്നും പൊതു സമൂഹത്തെ അത് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിലെ സത്യം തെളിയിക്കാൻ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാന്‍ എന്ന വ്യക്തികാരണം സര്‍ക്കാറിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം എല്‍ക്കരുത് എന്ന് കരുതി ഔദ്യോഗിക സ്ഥാനത്ത് നിന്ന് ഒഴിയുകയാണ്. എന്‍റെ രാജി സ്വീകരിക്കാന്‍ സംസ്കാരിക മന്ത്രിയോടും, മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ എന്‍റെ സ്വകാര്യത ഹനിക്കുന്നുണ്ട്. ഞാന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ സംവിധായകൻ രഞ്ജിത്തിന്റെ രാജിയിൽ പ്രതികരിച്ച് ബംഗാൾ നടി ശ്രീലേഖ മിത്രയും രംഗത്തുവന്നു. രഞ്ജിത്തിന്റ രാജിയിൽ തനിക്ക് സന്തോഷം ഇല്ലെന്നും തന്റെ വെളിപ്പെടുത്തൽ കാര്യങ്ങൾ ജനങ്ങളറിയാൻ വേണ്ടിയായിരുന്നുവെന്നും നടി പ്രതികരിച്ചു.
രഞ്ജിത്ത് ലൈംഗികമായി തന്നെ പീഡിപ്പിച്ചിട്ടില്ല, തന്നെ പരീക്ഷിക്കുകയായിരുന്നു. തന്റെ പ്രതികരണം എങ്ങനെ എന്നറിയാൻ ശ്രമിക്കുകയായിരുന്നു. രഞ്ജിത്ത് കുറ്റവാളിയാണെന്ന് പറയാൻ ആകില്ല. ഒരു സ്ത്രീലമ്പടൻ ആയിരിക്കാം. നിയമപരമായി രഞ്ജിത്ത് കുറ്റം ചെയ്തിട്ടില്ല. അദ്ദേഹം നല്ല സംവിധായകനാണെന്നും മലയാള സിനിമയ്ക്ക് നഷ്ടമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സ്ത്രീകൾ ബഹുമാനിക്കപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.