KeralaTop News

നടി ശ്രീലേഖയുടെ ആരോപണം; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

Spread the love

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ബംഗാൾ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.

അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖ് രാജിവെച്ചു. സിദ്ധിഖിനെതിരെ കേസ് എടുക്കാന്‍ സർക്കാർ ആലോചിക്കുന്നുണ്ട്.