‘സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത പാപം; പെണ്‍മക്കളുടെ വേദനയും രോക്ഷവും മനസിലാക്കുന്നു’; മോദി
അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും ശാക്തീകരിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയും രാജ്യത്തിന്റെ മുന്‍ഗണനയാണ്. ഈ വിഷയം തുടര്‍ച്ചയായി ഞാന്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ന്, എന്റെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും വേദനയും രോക്ഷവും, അത് ഏത് സംസ്ഥാനത്തെയായാലും, എനിക്ക് മനസിലാവുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം മാപ്പര്‍ഹിക്കാത്ത പാപമാണെന്ന് രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ഒരിക്കല്‍കൂടി ഞാന്‍ പറയുന്നു. – അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത പാപമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട യുവ ഡോക്ടര്‍ക്ക് നീതി നേടിക്കൊടുക്കാന്‍ രാജ്യത്തെ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങിയ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത പാപമാണെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നടന്ന ലഖ്പതി ദീദി സമ്മേളനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോദി.
കുറ്റവാളികളെയും അവരെ സഹായിക്കുന്നവരെയും ഒരു കാരണവശാലും വെറുതെ വിടരുതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍, സ്‌കൂള്‍, സര്‍ക്കാര്‍ അല്ലെങ്കില്‍ പോലീസ് സംവിധാനം എന്നിങ്ങനെ എവിടെയാണെങ്കിലും വീഴ്ച അഭിസംബോധന ചെയ്യപ്പെടണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത്തരം കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവത്തതാണെന്ന് മുകള്‍ത്തട്ടില്‍ നിന്ന് താഴേക്ക് വ്യക്തമായ സന്ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.