അമ്പമ്പോ എന്തൊരു വലിപ്പം! ഇതുവരെ കണ്ടെത്തിയതിൽ വച്ച് രണ്ടാമത്തെ വലിയ വജ്രക്കല്ല് ബോട്സ്വാനയിൽ കണ്ടെത്തി
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രങ്ങളിലൊന്ന് തങ്ങളുടെ ഖനികളിലൊന്നിൽ നിന്ന് കണ്ടെത്തിയെന്നും അത് വ്യാഴാഴ്ച പ്രദർശിപ്പിക്കുമെന്നും ബോട്സ്വാന ഭരണകൂടം. 2,492 കാരറ്റ് വരുന്ന ഈ വജ്രം ഇതുവരെ കുഴിച്ചെടുത്തതിൽ വലിപ്പത്തിൽ രണ്ടാമതാണ്. കനേഡിയൻ മൈനിങ് കമ്പനി ലുകറ ഡയമണ്ട് കോർപറേഷനാണ് ബോട്സ്വാനയിലെ കരോവെ ഖനിയിൽ നിന്ന് ഈ വജ്രം കണ്ടെത്തിയത്.
എക്സ്റേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വജ്രത്തിൻ്റെ സ്ഥാനം കണ്ടെത്തിയത്. നൂറ് വർഷത്തിനിടെ കണ്ടെത്തിയ ഏറ്റവും വലിയ വജ്രക്കല്ലാണിത്. 1905 ൽ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ 3106 കാരറ്റ് വജ്രക്കല്ലാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുത്. 1800 കളുടെ അവസാനത്തിൽ ബ്രസീലിൽ ഇതിനേക്കാളേറെ വലുപ്പമുള്ള വജ്രക്കല്ല് കണ്ടെത്തിയിരുന്നു. എന്നാൽ ഭൗമോപരിതലത്തിൽ കണ്ടെത്തിയ ഈ വജ്രം ഉൽക്കാശിലയുടെ ഭാഗമാണെന്നാണ് സംശയം.
ഈ വജ്രക്കല്ല് ബോട്സ്വാന പ്രസിഡൻ്റിൻ്റെ ഓഫീസിൽ പ്രദർശനത്തിന് വെക്കും. തങ്ങളുടെ രാജ്യത്ത് കണ്ടെത്തിയ ഏറ്റവും വലിയ വജ്രക്കല്ലാണിതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ലോകത്ത് ഏറ്റവുമധികം വജ്രം കുഴിച്ചെടുക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബോട്സ്വാന. സമീപ വർഷങ്ങളിൽ കണ്ടെടുത്ത വലിയ വജ്രക്കല്ലുകളെല്ലാം ബോട്സ്വാനയിൽ നിന്നാണ്. ഇപ്പോഴത്തെ കണ്ടെത്തൽ നടന്ന കരോവെ ഖനിയിൽ നിന്ന് ആയിരം കാരറ്റ് വരുന്ന നാല് ഡയമണ്ടുകൾ നേരത്തെ കണ്ടെത്തിയിരുന്നു.