യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി. സിദ്ദിഖ് തന്നറെ രാജി വാര്‍ത്ത സ്ഥിരീകരിച്ചു.
യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് ലഭിച്ച വിവരം.
ആരോപണവും വിശദാംശങ്ങളും ഇങ്ങനെ
വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് വ്യക്തമാക്കിയത്. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്ത് പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് വ്യക്തമാക്കി. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് നടി വിവരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേ. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല.
അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. പീഡന അനുഭവം തുറന്ന് പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രധാന്യം നൽകണമെന്നും രേവതി സമ്പത്ത് ഇന്നലെ പറഞ്ഞിരുന്നു.