NationalTop News

സുനിതാ വില്യംസിനെ തിരിച്ചുകൊണ്ടുവരാന്‍ ഐഎസ്ആര്‍ഒ സഹായിക്കുമോ? മറുപടിയുമായി ചെയര്‍മാന്‍ എസ് സോമനാഥ്

Spread the love

ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം തകരാറിനെലായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്റെയും വില്‍മോര്‍ ബുച്ചിന്റെയും തിരിച്ചുവരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. സ്റ്റാര്‍ലൈനറില്‍ തന്നെയുള്ള ഇരുവരുടെയും മടങ്ങിവരവിന്റെ സാധ്യത നാസ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതില്‍ അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കും. ഇരുവരുടെയും മടങ്ങി വരവില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് (ഐഎസ്ആര്‍ഒ) സഹായിക്കാന്‍ സാധിക്കുമോ എന്നുള്ള ചോദ്യവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതിന് മറുപടി പറഞ്ഞിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബീര്‍ബൈസെപ്‌സിന്റെ പോഡ്കാസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നിലവിലെ സാഹചര്യത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് നേരിട്ടുള്ള സഹായം നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തേക്ക് ചെന്ന് സുനിതയെ രക്ഷിക്കാനുള്ള ഒരു സ്‌പേസ്‌ക്രാഫ്റ്റ് നമുക്കില്ല – ഐഎസ്ആര്‍ഒ ചീഫ് വ്യക്തമാക്കി. റഷ്യയ്ക്കും യുഎസിനും മാത്രമേ സുനിതയേയും ബുച്ചിനേയും തിരിച്ചെത്തുന്നതില്‍ സഹായിക്കാന്‍ പറ്റുകയുള്ളുവെന്ന് സോമനാഥ് പറഞ്ഞു. യുഎസിന്റെ പക്കല്‍ ക്രൂ ഡ്രാഗണും റഷ്യയുടെ പക്കല്‍ സോയൂസുമുണ്ടെന്നും ഇതിലേതെങ്കിലും ഉപയോഗിച്ച് ഇരുവരെയും തിരിച്ചെത്തിക്കാമെന്നും അദ്ദേഹം വിശദമാക്കി. സ്റ്റാര്‍ലൈനര്‍ പേടകത്തിനും ബഹരാകാശത്തുള്ള രണ്ട് യാത്രികര്‍ക്കും നിലവില്‍ ഗുരുതരമായ എന്തെങ്കിലും പ്രശ്‌നമുള്ളതായി വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.

അതേസമയം, സുനിതയുടെയും ബുച്ചിന്റെയും മടങ്ങി വരവിന് സ്റ്റാര്‍ലൈനര്‍ സുരക്ഷിതമാണോ എന്നത് ഇന്ന് ചേരുന്ന നാസ ഉന്നതതല യോഗം തീരുമാനിക്കും. യോഗ തീരുമാനങ്ങള്‍ അറിയിക്കുന്നതിന് നാസയുടെ വാര്‍ത്താസമ്മേളനവുമുണ്ട്. രാത്രിയോടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് സൂചന. ഒരാഴ്ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്.