വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്; 1,037 രൂപ മുതൽ ടിക്കറ്റ്, എപ്പോൾ ബുക്ക് ചെയ്യാം എന്നറിയാം
മുംബൈ: ടാറ്റായുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്, ‘ഫ്ലാഷ് സെയിൽ’ ആരംഭിച്ചു. ഓഫ്ഫർ പ്രകാരം 1,037 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. എയർഇന്ത്യ എക്സ്പ്രസ്.കോം, എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ്, മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ടിക്കറ്റുകൾ ലഭ്യമാകും. എയർഇന്ത്യ എക്സ്പ്രസ്. കോം വഴിയും മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യുന്നവർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുക. കൺവീനിയൻസ് ഫീ ഇല്ലാതെയാണ് ഓഫർ ലഭിക്കുക.
ഓഗസ്റ്റ് 26-നും ഒക്ടോബർ 24-നും ഇടയിലുള്ള യാത്രയ്‌ക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നതാണ്. ഓഗസ്റ്റ് 25 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.
ഇതുകൂടാതെ, എയർഇന്ത്യ എക്സ്പ്രസ്. കോം വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവുകളോടെ സീറോ ചെക്ക്-ഇൻ ബാഗേജ് എക്സ്പ്രസ് ലൈറ്റ് നിരക്കുകൾ പോലുള്ള പ്രത്യേക ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും. ആഭ്യന്തര വിമാനങ്ങളിൽ 15 കിലോയ്ക്ക് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയും ആരംഭിക്കുന്ന ചെക്ക്-ഇൻ ബാഗേജിന് 3 കിലോ അധിക ക്യാബിൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓപ്ഷനും നിരക്കിൽ ഉൾപ്പെടുന്നു.
മറ്റൊരു പ്രധാന കാര്യം, ഇത് പരിമിതമായ ഓഫറാണ്, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ലഭ്യമാണ്. ഈ ഓഫറിനായി അനുവദിച്ച സീറ്റുകൾ വിറ്റുതീർന്നാൽ, പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകുമെന്നും എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്