ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞു, 14 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ദില്ലി: നേപ്പാളിൽ 40 ഇന്ത്യൻ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 14 യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി പ്രാദേശിക മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊഖ്‌റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. യുപി (ഉത്തർപ്രദേശ്) എഫ്ടി 7623 എന്ന രജിസ്ട്രേഷൻ ബസ് നദിയിലേക്ക് മറിഞ്ഞെന്ന് തനാഹുൻ ജില്ലയിലെ ഡിഎസ്പി ദീപ്കുമാർ രായ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ ഐന പഹാരയിലെ തനാഹുൻ ജില്ലയിലാണ് സംഭവം.
ആംഡ് പൊലീസ് ഫോഴ്‌സ് നേപ്പാൾ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ട്രെയിനിംഗ് സ്‌കൂളിലെ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്‌പി) മാധവ് പൗഡലിൻ്റെ നേതൃത്വത്തിൽ 45 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊഖാറയിൽ, മജേരി റിസോർട്ടിലാണ് ഇന്ത്യൻ സഞ്ചാരികൾ താമസിച്ചിരുന്നത്.