Top NewsWorld

10 മണിക്കൂര്‍ യാത്ര; മോദി ഉക്രൈന്‍ തലസ്ഥാനത്ത് എത്തിയത് ട്രെയിനില്‍; ലോകനേതാക്കള്‍ക്ക് പ്രിയപ്പെട്ട റെയില്‍ ഫോഴ്‌സ് വണ്ണിന്റെ വിശേഷങ്ങള്‍

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉക്രൈന്‍ സന്ദര്‍ശനത്തിന്റെ പ്രത്യേകതകളും പ്രാധാന്യവും പലതരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ നിലവില്‍ ഏറെ ശ്രദ്ധനേടുന്നത് പോളണ്ടില്‍ നിന്ന് ഉക്രൈനിലേക്കുള്ള മോദിയുടെ ട്രെയിന്‍ യാത്രയാണ്. പ്രധാനമന്ത്രിയായതിനു ശേഷം പല രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത്രയുമധികം സമയം അദ്ദേഹം ട്രെയിനില്‍ യാത്ര ചെയ്യുന്നത് ആദ്യമായിരിക്കും. പോളണ്ടില്‍ നിന്നും 10 മണിക്കൂര്‍ റെയില്‍ ഫോഴ്‌സ് വണ്‍ എന്ന ട്രെയിനില്‍ സഞ്ചരിച്ചാണ് മോദി ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ എത്തിച്ചേര്‍ന്നത്. 2023 ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സഞ്ചരിച്ച അതേ ട്രെയിന്‍.

അമേരിക്കന്‍ പ്രസിഡന്റ് മാത്രമല്ല, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി തുടങ്ങിയവരും റെയില്‍ ഫോഴ്‌സ് വണ്ണില്‍ യാത്രക്കാരായി എത്തിയിട്ടുണ്ട്. വിദേശസന്ദര്‍ശനങ്ങള്‍ക്കായി
യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി സ്ഥിരമായി ഉപയോഗിക്കുന്നത് ഈ തീവണ്ടിയാണ്.

Read Also: യുക്രൈനും പോളണ്ടും സന്ദർശിക്കാൻ പുറപ്പെട്ട് മോദി; സെലെൻസ്കിയെ കാണും

ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ട്രെയിനുകളിലൊന്നായാണ് റെയില്‍ ഫോഴ്‌സ് വണ്‍ പരിഗണിക്കപ്പെടുന്നത്. എന്നാല്‍, മോദി ഈ ട്രെയിന്‍ തെരഞ്ഞെടുക്കാന്‍ ആഢംബരം ഒരു കാരണമല്ല. റഷ്യ – ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ഉക്രെയ്‌നിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സുരക്ഷിതമായ യാത്രാ മാര്‍ഗം ട്രെയിന്‍ ആണ്.

ക്രിമിയ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്കായി അത്യാഡംബരങ്ങളോടെ 2014ലാണ് റെയില്‍ ഫോഴ്‌സ് വണ്‍ നിര്‍മിച്ചത്. അന്ന് ലക്ഷ്വറിക്കായിരുന്നു പ്രാധാന്യമെങ്കില്‍ ഇന്ന് വിഐപി യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള എല്ലാവിധ സന്നാഹങ്ങളും തീവണ്ടിയിലുണ്ട്. കവചിത ജാലകങ്ങള്‍, സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങള്‍, നിരീക്ഷണ ഉപാധികള്‍ എന്നിവയാല്‍ സംരക്ഷിതമാണ് ട്രെയിന്‍. രാജകീയമായ ഇന്റീരിയര്‍, മികച്ച ഭക്ഷണം, ഓദ്യോഗിക ജോലികള്‍ക്കും വിശ്രമത്തിനും ഇണങ്ങുന്ന തരത്തില്‍ തടി കൊണ്ടുള്ള കാബിനുകള്‍, മീറ്റിംഗുകള്‍ക്ക് അനുയോജ്യമായ ഭീമന്‍ ടേബിള്‍, ഇന്റര്‍നെറ്റ്, സോഫ, ടെലിവിഷനുകള്‍ എന്നിവയെല്ലാം പ്രത്യേകതകളാണ്.

റഷ്യയുമായി യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. മൂന്ന് പതിറ്റാണ്ടിനിടെ യുക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. പ്രസിഡന്റ് സെലന്‍സ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം.