സര്‍ക്കാര്‍ പരാജയം, സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ ജനങ്ങള്‍ സംശയിക്കുന്ന അവസ്ഥയിലെത്തിച്ചു: ആഷിഖ് അബു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ വെളിപ്പെട്ട ഗുരുതരമായ കാര്യങ്ങള്‍ കേട്ട് തനിക്കും അമ്പരപ്പുണ്ടായെന്ന് ആഷിഖ് അബു പറഞ്ഞു. കുറ്റബോധത്തോടെ മാത്രമേ ഇപ്പോള്‍ പൊതുസമൂഹത്തോട് സംസാരിക്കാനാകൂ. കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. അത് കണ്ണടച്ച് ഇരുട്ടാക്കി അധികൃതര്‍ കൂടുതല്‍ നാറരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും ആഷിഖ് അബു പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മതിയായ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളാത്തത് പൊതുസമൂഹം സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സംശയിക്കാന്‍ ഇടയാക്കുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. കേസെടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളെ പരാജയപ്പെട്ട സ്റ്റേറ്റിന്റെ ന്യായീകരണങ്ങളായി മാത്രമേ കാണാനാകൂവെന്നും താന്‍ കടുത്ത നിരാശയിലാണെന്നും ആഷിഖ് അബു പറഞ്ഞു. മുന്‍പ് ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ തരിമ്പ് പോലും ജനങ്ങള്‍ക്ക് വിശ്വാസക്കുറവുണ്ടായിരുന്നില്ല. ഇപ്പോള്‍ അതിന് മാറ്റമുണ്ടായിരിക്കുന്നു. അന്വേഷിക്കാനാകില്ലെന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയ്ക്കുള്ളില്‍ നടക്കുന്ന തൊഴില്‍, ലൈംഗിക ചൂഷണങ്ങളുടെ കാണാപ്പുറങ്ങള്‍ തേടുന്ന പ്രത്യേക ലൈവത്തോണിലായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.
താരസംഘടനയോട് പ്രതികരണം ചോദിക്കുന്നത് എന്തിനാണെന്ന് പോലും തനിക്ക് മനസിലാകുന്നില്ലെന്ന് ആഷിഖ് അബു പറയുന്നു. ജനാധിപത്യം ഒരു തരിമ്പ് പോലും പ്രാക്ടീസ് ചെയ്യാത്ത അത്തരമൊരു സംഘടനയില്‍ നിന്ന് എന്ത് പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടതെന്ന് ആഷിഖ് ചോദിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതികരിക്കണോ വേണ്ടയോ എന്നത് അവരുടെ മാത്രം വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ താന്‍ അഭിപ്രായം പറയാനില്ലെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.