ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുക്കാനാകില്ല, പരാതിപ്പെട്ടാലേ തുടര്‍ നടപടി സ്വീകരിക്കാനാകൂ: പി സതീദേവി
മലയാളി സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗൗരവതരമായ പരാമര്‍ശങ്ങളില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് വിശദീകരിച്ച് വനിതാ കമ്മിഷന്‍. ബന്ധപ്പെട്ട സ്ത്രീകള്‍ തന്നെ പരാതിപ്പെട്ടാലാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. സിനിമ മേഖലയില്‍ നല്ല രീതിയില്‍ ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയും വരെ വനിതാ കമ്മീഷന്‍ ഇടപെടും. വനിതാ കമ്മിഷനെ കക്ഷിചേര്‍ത്തെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കുമെന്നും പി സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായ സാധ്യതകള്‍ പരിശോധിച്ച് യുക്തമായ നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ വിശദീകരിക്കുന്നു. കമ്മീഷന്റെ അധികാര പരിധിയില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കും. ബന്ധപ്പെട്ട എല്ലാവരുടേയും സ്വകാര്യത മാനിച്ചുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് തന്നെയാണ് വനിതാ കമ്മിഷന്റെ നിലപാട്. പരാതിക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും പി സതീദേവി കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാകില്ലെന്ന് പി സതീദേവി പറഞ്ഞു. മൊഴികള്‍ ആര്‍ക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. മൊഴി നല്‍കിയവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു. മൊഴികളില്‍ ഉറച്ച് നില്‍ക്കണമെന്നും തെറ്റായ പ്രവര്‍ത്തികള്‍ ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പി സതീദേവി പറഞ്ഞു.